അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം: ‘ആർ.എസ്.എസ് നേതാവുമായി എഡി.ജി.പി പങ്കിട്ട രഹസ്യമെന്ത്? എൽ.ഡി.എഫ് ചിലവിൽ അത് വേണ്ട’

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ​യു​മാ​യി രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍.എസ്.എസ് മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് രഹസ്യമാണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. തൃശ്ശൂര്‍ പൂരം കലക്കല്‍ പോലയുള്ള കാര്യങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് താന്‍ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാന്‍ ആകാംക്ഷയുണ്ട്. എന്താണ് സംസാരിച്ചതെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ കേരളീയര്‍ക്കും സി.പി.ഐക്കുമുണ്ട്. കൂടിക്കാഴ്ചയേപ്പറ്റി പുറത്തുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഗൗരവമുള്ളതാണ്. എല്‍.ഡി.എഫിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല. ഇരുകൂട്ടരും തമ്മിൽ പൊതുവായി ഒന്നുമില്ല. ആശയപരവും രാഷ്ട്രീയവും സൈദ്ധാന്തികവുമായി എല്‍.ഡി.എഫിനും ആര്‍.എസ്.എസിനും ഇടയിൽ ഒന്നുമില്ല. എൽ.ഡി.ഡി.എഫ് ചിലവിൽ എ.ഡി.ജി.പി രഹസ്യകൂടിക്കാഴ്ച നടത്തേണ്ടതില്ല -അദ്ദേഹം പറഞ്ഞു.

2023 മെയ് 22-നായിരുന്നു ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ എ.ഡി.ജി.പി തൃശ്ശൂരില്‍വെച്ച് കണ്ടത്. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന്റെ പങ്കിനെപ്പറ്റി സൂചനകൾ പുറത്തുവരുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ ഓഫിസിന് നല്‍കിയ വിശദീകരണത്തില്‍ ഒപ്പംപഠിച്ചയാളുടെ ക്ഷണപ്രകാരം ഹൊ​സ​ബ​ലെ​യെ കണ്ടിരുന്നുവെന്ന് എം.ആര്‍. അജിത് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. പാറമേക്കാവ് വിദ്യാമന്ദിറില്‍ ആര്‍.എസ്.എസ്. ക്യാമ്പിനിടെ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു സന്ദര്‍ശനം. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹി ഓടിച്ച സ്വകാര്യ കാറിലായിരുന്നു സന്ദര്‍ശനം. ഇതേക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.ജി.പിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും അന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Tags:    
News Summary - binoy viswam agianst adgp mr ajith kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.