ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തെ വിമർശിച്ച കരസേന മേധാവി ജനറൽ ബിപിൻ റാവത്തിനെതിരെ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ രാഷ്ട്രപതിക്ക് കത്തയച്ചു. വിവാദ പരാമർശത്തിൽ കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതാപൻ കത്തയച്ചത്. കരസേന മേധാവിയുടെ രാഷ്ട്രീയച്ചുവയുള്ള പരസ്യപ്രസ്താവന നിയമലംഘനമാണെന്നും പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച കരസേന മേധാവി ഡൽഹിയിലെ ഒരു ചടങ്ങിൽ നടത്തിയ സംസാരമാണ് വിവാദത്തിലായത്. ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന പ്രസ്താവനയിൽ അമ്പരന്ന പ്രതിപക്ഷവും പൗരസമൂഹവും മുൻ സേന മേധാവികളും റാവത്തിനെതിരെ രംഗത്തുവന്നിരുന്നു.
പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേനയുടെ കിഴക്കൻ കരസേനാ കമാൻഡർ നടത്തിയ പ്രസ്താവനക്കു പിന്നാലെയാണ് കരസേന മേധാവിയുടെ ഇടപെടൽ. ‘അനുചിതമായ ദിശയിൽ ജനത്തെ നയിക്കുന്നവരല്ല നേതാക്കൾ’ എന്ന് പറഞ്ഞു തുടങ്ങിയ കരസേന മേധാവി, തുടർന്ന് പൗരത്വ പ്രക്ഷോഭത്തെ പേരെടുത്തു പറഞ്ഞ് ആക്രമിക്കുകയായിരുന്നു.
‘‘നേതാക്കൾ നയിക്കുന്നവരാകണം. നാമിന്ന് ധാരാളം കോളജുകളിലും സർവകലാശാലകളിലും കാണുന്ന വിദ്യാർഥികളെ പോലെ ഉചിതമല്ലാത്ത മാർഗത്തിൽ ജനത്തെ നയിക്കുന്നവരല്ല നേതാക്കൾ. നഗരങ്ങളിലും പട്ടണങ്ങളിലും തീവെപ്പിനും അക്രമത്തിനുമാണ് ജനക്കൂട്ടത്തെ അവർ നയിക്കുന്നത്. ഇതല്ല നേതൃത്വമെന്നും റാവത്ത് പറഞ്ഞു.
ശരിയായ ദിശയിൽ നയിക്കുന്ന, ശരിയായ ഉപദേശം നൽകുന്ന ഒരാളായിരിക്കണം നേതാവ് എന്നും താൻ നയിക്കുന്ന ജനത്തെ താൻ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ആൾകൂടിയാകണം നേതാവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.