കോഴിക്കോട്: മതേതരത്വം കൊണ്ട് ആർക്കാണ് ഗുണമെന്ന ചോദ്യം പലകോണുകളിൽ നിന്നും ഇപ്പോൾ ഉയരുന്നുണ്ടെന്ന് പാലാ ബിഷപ്പ് േജാസഫ് കല്ലറങ്ങാട്ട്. തുറന്ന് പറയേണ്ടപ്പോൾ നിശ്ബദ്നായിരിക്കരുതെന്ന തലക്കെട്ടിൽ ഗാന്ധിജയന്തി ദിനത്തിൽ സഭാ മുഖപത്രമായ ദീപികയിൽ എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശം.
മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തിപ്പെടുമോ എന്ന ആശങ്ക ഇന്ന് നിലനിൽക്കുന്നു. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തിൽ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലർ ശഠിക്കുന്നത്. സമുദായത്തെ കാർന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാൻ പാടില്ലെന്നാണ് പറയുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിനു ജന്മം നൽകുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽനിന്ന് പഠിക്കണം. ഇന്ത്യൻ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അർഥത്തിൽ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ലെന്നും ലേഖനത്തിൽ ബിഷപ്പ് പരാമർശിക്കുന്നു.
തിന്മകൾക്കെതിരേ നമ്മൾ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങൾക്കെതിരേ മുന്നറിയിപ്പുകൾ നൽകുമ്പാൾ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകൾക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്കരണമോ തിരസ്കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല. മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചർച്ചകളും പ്രതിരോധ നടപടികളുമാണെന്നും ബിഷപ്പ് ലേഖനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.