കക്കോടി (കോഴിക്കോട്): സ്മൃതി ഇറാനിയുടെ റോഡ് ഷോ റിപ്പോർട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫർക്ക് മർദനം. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർ ദിനേശ് കുമാറിനെയാണ് പ്രകടനത്തിലുണ്ടായിരുന്ന പ്രവർത്തകൻ മുഖത്തടിച്ച് പരിക്കേൽപ്പിച്ചത്. കണ്ണട തകർന്ന് മുഖത്ത് പരിക്കേറ്റ ഇയാളെ നഗരത്തിലെ ആശുപത്രിയിലെത്തിച്ചു.
സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ നടത്താൻ തീരുമാനിച്ചത്. ഇതുപ്രകാരം വാഹനത്തിൽ കയറിനിന്ന ഇവർ അൽപം കഴിഞ്ഞ് തനിക്ക് യാത്ര ചെയ്യാൻ സ്കൂട്ടർ ലഭിക്കുമോയെന്ന് ആരാഞ്ഞു. തുടർന്ന് സ്കൂട്ടർ എത്തിച്ചു. സ്കൂട്ടറിൽ യാത്ര തുടർന്നതോടെ വാഹനത്തിന് മുന്നിൽ ഫോട്ടോഗ്രാഫർമാരും ഓടാൻ തുടങ്ങി.
കക്കോടി പൊക്കിരാത്ത് ബിൽഡിങ്ങിന് മുന്നിലെത്തിയതോടെ പ്രകടനത്തിലുള്ളയാൾ ദിനേശനോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇതേതുടർന്ന് മറ്റുള്ളവരും അടിക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ തടയുകയായിരുന്നു. പ്രകടനത്തിലുള്ള ചിലർ തന്നെ ജന്മഭൂമി ഫോട്ടോഗ്രാഫർ ആണെന്നും ആക്രമിക്കരുതെന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു.
മാധ്യമപ്രവർത്തകർ ബി.ജെ.പി േനതാക്കളോട് മർദനെത്തെക്കുറിച്ച് ഉടൻ പരാതി പറഞ്ഞപ്പോൾ ജാഥയിൽ സി.പി.എം പ്രവർത്തകർ കയറിക്കൂടിയോ എന്ന് പരിശോധിക്കുമെന്നാണ് പറഞ്ഞത്. മർദിച്ച ആളിന്‍റെ ഫോട്ടോ കാമറയിൽ ഉണ്ടെന്ന് പറഞ്ഞതോടെ മറ്റ് നേതാക്കൾ എത്തി ക്ഷമ ചോദിച്ചു.
ഇതിനിടെ മാധ്യമ പ്രവർത്തകരിൽ ചിലർ പരിപാടി ബഹിഷ്കരിക്കുന്നതായി അറിയിച്ചതിനെ തുടർന്ന് ജില്ല വൈസ് പ്രസിഡന്‍റ് ടി. ദേവദാസ് ഉൾപ്പെടെയുള്ളവർ ക്ഷമാപണം നടത്തി. വാഹനം നിർത്തിച്ച് സ്ഥാനാർഥി ടി.പി. ജയചന്ദ്രൻ മാസ്റ്ററോടും മാധ്യമ പ്രവർത്തകർ പരാതി അറിയിക്കുകയും ചെയ്തു. റോഡ് ഷോക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫർക്ക് തന്നെ മർദനമേറ്റത് ബി.ജെ.പിക്ക് നാണക്കേടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.