‘ബി.ജെ.പിയും സി.പി.എമ്മും വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നു’; ഏക സിവില്‍ കോഡിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ബി.ജെ.പി രൂപം കൊടുത്ത ഏക സിവില്‍ കോഡിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ബുധനാഴ്ച കെ.പി.സി.സി നേതൃയോഗം ചേരുമെന്ന് പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എൽ.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഏകസിവില്‍ കോഡിനെതിരെ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും വ്യക്തമായ നിലപാടാണുള്ളത്. ഏക സിവില്‍ കോഡ് കൊണ്ടുവരുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഇതൊരു ഇലക്ഷന്‍ കോഡാണ്. മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമീഷന്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകസിവില്‍ കോഡ് നടപ്പാക്കേണ്ട ആവശ്യമേയില്ലെന്നാണ് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച കരട് ബില്ലിന്പോലും രൂപം കൊടുത്തിട്ടില്ല.

എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന അതീവ ഗുരുതര വിഷയമായതിനാല്‍ എല്ലാവരെയും ഒന്നിച്ച് അണിനിരത്തിയുള്ള അതിശക്തമായ പോരാട്ടമാണ് വേണ്ടത്. എന്നാല്‍, സി.പി.എം ഇതൊരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി ചിത്രീകരിച്ച് വിഭാഗീയത ആളിക്കത്തിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഏക സിവില്‍ കോഡിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്നും സുധാകരന്‍ അറിയിച്ചു.

Tags:    
News Summary - 'BJP and CPM are trying to make political gains by creating sectarianism'; Congress is preparing to protest against the Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.