പത്തനംതിട്ട: ക്രൈസ്തവർ ഏറെയുള്ള മധ്യതിരുവിതാംകൂറിൽ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി നേതാക്കൾ.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് പത്തനംതിട്ട ജില്ലയിൽ നൽകിയ സ്വീകരണ യോഗങ്ങളിലാണ് ക്രൈസ്തവ-ഹൈന്ദവ ഐക്യത്തിെൻറ ആവശ്യകത നേതാക്കൾ ഉൗന്നിപ്പറഞ്ഞത്. അതേസമയം മുസ്ലിംവിരുദ്ധത മുഖ്യ അജണ്ടയാക്കി യോഗങ്ങളിൽ അവതരിപ്പിക്കുന്നുമുണ്ട്.
മുസ്ലിം ലീഗിനെക്കൂടി ഒപ്പംകൂട്ടാമെന്ന നിലപാടെടുത്ത ശോഭ സുരേന്ദ്രൻ പത്തനംതിട്ടയിൽ നടന്ന യോഗങ്ങളിൽ പെങ്കടുത്തില്ല. ജില്ലയിൽ രണ്ടിടത്ത് പൊതുസമ്മേളനങ്ങളുടെ ഉദ്ഘാടകയായി ശോഭ സുരേന്ദ്രനെയാണ് നിശ്ചയിച്ചിരുന്നത്.
ക്രൈസ്തവ സഭകളുമായി ഐക്യമുണ്ടാക്കിയതിെൻറ ഫലമായാണ് പന്തളം നഗരസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്. മാർത്തോമ, ഓർത്തഡോക്സ് സഭകളുമായി ഉണ്ടാക്കിയ ധാരണയാണ് പന്തളത്ത് വിജയത്തിലേക്ക് നയിച്ചതെന്ന് ജില്ലയിലെ ബി.ജെ.പി നേതാക്കൾ പറയുന്നുമുണ്ട്.
അതേ നയം മധ്യതിരുവിതാംകൂറിൽ വ്യാപകമാക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നതിെൻറ സൂചനയാണ് വിജയയാത്രയിലെ നേതാക്കളുടെ പ്രസംഗങ്ങൾ.
''ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപലായനമായിരിക്കും ഫലം. തൊടുപുഴയിൽ അധ്യാപകെൻറ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികൾ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ പറ്റിച്ചപോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോൺഗ്രസും സി.പി.എമ്മും. ബി.ജെ.പിയിലേക്ക് ക്രൈസ്തവ സഹോദരങ്ങളുടെ കുത്തൊഴുക്കാണ്....'' എെന്നല്ലാമായിരുന്നു കെ. സുേരന്ദ്രെൻറ പ്രസംഗം.
പെൺകുട്ടികളെ പ്രണയം നടിച്ച് വിദേശത്തേക്ക് കടത്താതെ സംരക്ഷിക്കാൻ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച് നിൽക്കണമെന്നാണ് ബി.ജെ.പി അഖിലേന്ത്യ വക്താവ് മീനാക്ഷി ലേഖി എം.പി പറഞ്ഞത്. ഹൈന്ദവരും ക്രൈസ്തവരും തുല്യ ദുഃഖിതരാണെന്നും അവർ പറഞ്ഞു. അതേസമയം ജില്ലയിൽ സഭ നേതാക്കളുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ചകളൊന്നും നടത്തിയില്ല.
ക്രൈസ്തവരുടെകൂടി പിന്തുണ നേടിയാൽ ജില്ലയിൽ ആറന്മുള മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.