കൽപറ്റ: ബി.ജെ.പിക്കാർ എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്റെ വീട് കവർന്നെടുത്താലും ഞാൻ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണെന്ന് വയനാട് മുൻ എം.പി രാഹുൽ ഗാന്ധി. ‘വേണമെങ്കിൽ എന്റെ വീട് 50 തവണ നിങ്ങൾ എടുത്തുകൊള്ളൂ, എനിക്കതിൽ പ്രശ്നമില്ല. പ്രളയത്തിൽ നൂറുകണക്കിന് വീടുകൾ നഷ്ടമായ വയനാട്ടുകാരുടെ ഇടയിൽനിന്നാണ് ഞാൻ വരുന്നത്. അവർ എങ്ങിനെ അതിനെ അതിജീവിച്ചുവെന്നത് ഞാൻ കണ്ടറിഞ്ഞതാണ്’ -രാഹുൽ വികാരഭരിതനായി പറഞ്ഞു. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.
‘നാലുവർഷംമുമ്പ് ഇവിടെ വന്നപ്പോൾ തെരഞ്ഞെടുപ്പിന് പതിവിൽനിന്ന് വ്യത്യസ്തമായ പ്രചാരണമായിരുന്നു നടത്തിയത്. എന്റെ കുടുംബത്തിലേക്ക് ഇറങ്ങിവന്ന പ്രതീതിയായിരുന്നു. നിങ്ങളുടെ സഹോദരൻ, മകൻ എന്ന നിലയിലാണ് എന്നെ സ്വീകരിച്ചത്. പാർലമെന്റംഗങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം. സ്വന്തം താൽപര്യങ്ങൾ ബലികഴിച്ച് ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. പരുക്കൻ സ്വഭാവം ഉപേക്ഷിച്ച് അങ്ങേയറ്റം ലാളിത്യത്തോടെ പെരുമാറണം. എം.പി എന്നത് ഒരു ടാഗ് മാത്രമാണ്. ബി.ജെ.പിക്ക് എന്റെ ആ ടാഗും എന്റെ വീടും എടുത്തുമാറ്റാൻ കഴിഞ്ഞേക്കാം, എന്നെ ജയിലിലടക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, വയനാടിന്റെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽനിന്ന് അവർക്ക് തടയാൻ കഴിയില്ല. മെഡിക്കൽ കോളജ്, രാത്രിയാത്ര അനുമതി, ബഫർ സോൺ ഭീഷണി നീക്കൽ എന്നിവ വയനാടിന്റെ അടിയന്തിരാവശ്യമാണ്. അതിന് വേണ്ടി എന്നും ഞാൻ നിലയുറപ്പിക്കും.
രാജ്യത്ത് എല്ലാ ജനങ്ങൾക്കും സമാധാനത്തോടെ താമസിക്കാനാവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് അതിപ്രധാന ആവശ്യം. നാലോ അഞ്ചോ പേർ മാത്രം ഈ മഹാരാജ്യത്തിന്റെ ഉടമകളാകുന്നത് ആരും ആഗ്രഹിക്കുന്നില്ല. ഞാൻ നിരവധി വർഷമായി ബി.ജെ.പിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണ്. അവർക്ക് അവരുടെ എതിരാളിയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, ഒരുതരത്തിലും ഭയപ്പെടുന്നവനല്ല അവരുടെ എതിരാളി. എന്റെ വീട്ടിലേക്ക് പൊലീസിനെ അയച്ചാൽ ഞാൻ പരിഭ്രാന്തനാകുമെന്നും എന്റെ വീട് പിടിച്ചെടുത്താൽ ഞാൻ അസ്വസ്ഥനാകുമെന്നുമാണ് അവർ കരുതുന്നത്. എനിക്ക് അത്തരമൊരു വീട്ടിൽ താമസിക്കണമെന്ന് ആഗ്രഹമില്ല. വയനാട്ടിൽ പ്രളയത്തിൽ നൂറുകണക്കിന് പേർക്ക് വീട് നഷ്ടപ്പെട്ടത് ഞാൻ നേരിൽ കണ്ടതാണ്. അതിനെ എങ്ങിനെ നിങ്ങൾ അതിജീവിച്ചുവെന്നും കണ്ടു. അതിനാൽ അമ്പത് തവണ എെന്റ വീട് നഷ്ടമായാലും എനിക്ക് പ്രശ്നമില്ല.
ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ ഞാൻ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രാജ്യത്തെ എല്ലാ ജാതിക്കാരെയും മതക്കാരെയും ബഹുമാനിക്കുന്നയാളാണ് ഞാൻ. നിങ്ങൾക്ക് (ബി.ജെ.പിക്ക്) ചെയ്യാനാവുന്ന ഏത് പൈശാചികതയും ചെയ്തോളൂ, പക്ഷേ ഞാൻ എല്ലാവരോടും -നിങ്ങളോട് പോലും- കരുണയും ആർദ്രതയും ഉള്ളയാളായിരിക്കും. നിങ്ങളും ഞാനും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെ കുറിച്ചുള്ള രണ്ട് വീക്ഷണങ്ങളാണ്.
വയനാടിന് മെഡിക്കൽ കോളജ്, രാത്രിയാത്ര, ബഫർ സോൺ എന്നീ വിഷയങ്ങളിൽ ഞാൻ എം.പിയായാലും അല്ലെങ്കിലും നിങ്ങൾക്ക് വേണ്ടി പ്രവൃത്തിക്കും. എന്നെ ജയിലിലടച്ചാലും അയോഗ്യനാക്കിയാലും വയനാടുമായുള്ള ബന്ധം മുറിക്കില്ല. ആജീവനാന്തം വയാനാടിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ജയിലിടലടക്കുകയും അയോഗ്യനാക്കുകയുമല്ലാതെ അവർക്ക് എന്താണ് ചെയ്യാൻ കഴിയുക?
പ്രധാനമന്ത്രിക്ക് അദാനിയുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാൻ ഞാൻ പാർലമെന്റിൽ വെച്ച് ചോദിച്ചു. ലോക സമ്പന്നരിൽ 609ാം സ്ഥാനത്തായിരുന്ന അദാനി എങ്ങനെയാണ് 2ാം സ്ഥാനത്തെത്തിയതെന്ന് ഞാൻ പാർലമെന്റിൽ ചോദിച്ചു. അദാനിക്ക് വേണ്ടി ഇസ്രായേലുമായി ഉണ്ടാക്കിയ കാരാറുകളെ ചോദ്യം ചെയ്തു. അതിന്റെ പേരിൽ എന്നെ അാവർ പാർലമെന്റിൽനിന്ന് തന്നെ പുറത്താക്കി -രാഹുൽ പറഞ്ഞു.
വയനാട്ടുകാർക്ക് മറ്റാരെക്കാളും നന്നായി രാഹുൽ ഗാന്ധിയെ മനസ്സിലാക്കാൻ സാധിച്ചെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുൽ ധൈര്യശാലിയാണ്. ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നത് -പ്രിയങ്ക പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹെലികോപ്ടറിലാണു രാഹുലും പ്രിയങ്കയും കൽപറ്റയിലെത്തിയത്. കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.