കൊച്ചി: അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാ നാർഥികളുടെ സാധ്യത പട്ടിക തയാറായി. വ്യാഴാഴ്ച കൊച്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന സമിതി യോഗമാണ് പട്ടികക്ക് അന്തിമരൂപം നൽകിയത്. ഓരോ മണ്ഡലത്തിലും മൂന്ന് പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പട്ടിക കേന്ദ്ര നേതൃത്വത്തിന് അയക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുതിർന്ന നേതാക്കളും പുതിയ നേതാക്കളും പട്ടികയിലുണ്ട്. കെ. സുരേന്ദ്രൻ കോന്നിയിലോ മഞ്ചേശ്വരത്തോ മത്സരിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. യോഗം പൂർത്തിയാകാൻ കാത്തുനിൽക്കാതെ സുരേന്ദ്രൻ മടങ്ങുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച സുരേന്ദ്രന് കോന്നി നിയമസഭാ മണ്ഡലത്തിൽ 28,000 വോട്ട് ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിലും സുരേന്ദ്രെൻറ സാന്നിധ്യം അനിവാര്യമാണെന്നാണ് ചില നേതാക്കൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ കോന്നിയും മഞ്ചേശ്വരവും എന്നല്ല ഒരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കുകയായിരുന്നു. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അദ്ദേഹവും അനുകൂലമായി പ്രതികരിച്ചില്ല. സ്ഥാനാർഥി നിർണയത്തിൽ ആർ.എസ്.എസ് നിലപാടും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.