തിരുവനന്തപുരം: വിവാദങ്ങൾക്കും കനത്ത േതാൽവിക്കുമിടയിലും സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനിൽ ബി.ജെ.പി കേന്ദ്രനേതൃത്വം അർപ്പിച്ച വിശ്വാസത്തിൽ ഞെട്ടി ഗ്രൂപ്പുകൾ. പുനഃസംഘടനയിലൂടെ നേതൃത്വത്തിലും ജില്ലകളിലും പിടിമുറുക്കിയതിന് പിന്നാലെയാണ് ദേശീയ നിർവാഹകസമിതിയിലും വ്യക്തമായ സ്വാധീനം ഉറപ്പിക്കാൻ സുരേന്ദ്രൻ പക്ഷത്തിനായത്.
വൻ ഫണ്ടും കേന്ദ്ര നേതാക്കളെയും ഇറക്കിയുള്ള പ്രചാരണങ്ങൾക്കൊടുവിൽ വമ്പിച്ച പരാജയമാണ് സുരേന്ദ്രെൻറ നേതൃത്വത്തിൽ ബി.ജെ.പി സംസ്ഥാന ഘടകം ഏറ്റുവാങ്ങിയത്. പിന്നാലെ പ്രചാരണത്തിനെത്തിച്ച കുഴൽപണ തട്ടിപ്പ് വിവാദവും എത്തി. പി.കെ. കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും അടക്കം ഒളിഞ്ഞും തെളിഞ്ഞും കെ. സുരേന്ദ്രെനതിരായ നീക്കം ശക്തിപ്പെടുത്തി. പക്ഷേ, സംസ്ഥാന ഭാരവാഹി പുനഃസംഘടനയിൽ ശോഭാ സുരേന്ദ്രന് കോർ കമ്മിറ്റിയിൽനിന്ന് സ്ഥാനം തെറിച്ചു. തുടർന്നുള്ള പുനഃസംഘടനയിൽ ജില്ല പ്രസിഡൻറുമാരുടെയും ഭാരവാഹികളുടെയും നിയമനത്തിൽ പൂർണ ആധിപത്യത്തിലേക്ക് സുരേന്ദ്രൻ പക്ഷം നീങ്ങി. ദേശീയ നിർവാഹക സമിതിയിൽനിന്ന് ശോഭാ സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും തെറിച്ചു. കാലാവധി അവസാനിക്കാൻ ഒന്നരവർഷം മാത്രമുള്ള സുരേന്ദ്രനിൽ വിശ്വാസം അർപ്പിച്ച കേന്ദ്ര നടപടി എതിർവിഭാഗത്തെ ഞെട്ടിച്ചു. ശോഭയുടെയും കൃഷ്ണദാസ് പക്ഷത്തിെൻറയും ആക്ഷേപം തള്ളുന്നത് കൂടിയാണിത്. തങ്ങളുടെ പൂർണ നിയന്ത്രണത്തിൽ നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം സുരേന്ദ്രനിൽ മാത്രം ചുമത്താൻ കേന്ദ്ര നേതൃത്വം തയാറായില്ല. കുഴൽപണ തട്ടിപ്പ് വിവാദത്തിലും സമാന നിലപാടാണ് കേന്ദ്രത്തിന്. കേന്ദ്ര പിന്തുണയോടെ മണ്ഡലതലത്തിലുള്ള വൻ അഴിച്ചുപണിക്കാണ് നേതൃത്വം നീങ്ങുന്നത്. പല മണ്ഡലങ്ങളും വിഭജിച്ചാവും പുനഃസംഘടന.
വിവിധ വിഷയത്തിൽ ശോഭാ സുരേന്ദ്രൻ ഉയർത്തിയ വിവാദങ്ങളാണ് അവർക്ക് തിരിച്ചടിയായത്. മഹിളാ മോർച്ച ദേശീയ പ്രസിഡൻറ്, കേന്ദ്ര മന്ത്രിസ്ഥാനം എന്നിവയിൽ അവരെ ബന്ധപ്പെടുത്തിയുള്ള മാധ്യമ വാർത്തകളും തിരിച്ചടിയായി. കഴക്കൂട്ടം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലും ശേഷവും ശോഭാ സുരേന്ദ്രെൻറ പ്രചാരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമം അടക്കം കൈകാര്യം ചെയ്തതിൽ ഉയർന്ന വിവാദം ബി.ജെ.പിയും ആർ.എസ്.എസും ഗൗരവമായാണ് എടുത്തത്. കേന്ദ്ര നേതൃത്വവും ഇത് പരിശോധിക്കും. നേതൃത്വത്തിെൻറ നയം വ്യക്തമാക്കേലാടെ കൃഷ്ണദാസ് പക്ഷം പൂർണ് നിശബ്ദതയിലാണ്. ദേശീയ നിർവാഹക സമിതിയിൽ നിന്നുള്ള അൽഫോൺസ് കണ്ണന്താനത്തിെൻറ പടിയിറക്കം ക്രൈസ്തവ സഭകളിൽ വേണ്ടത്ര സ്വാധീനം അദ്ദേഹത്തിനില്ലെന്ന് തെളിഞ്ഞതോടുകൂടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.