ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പിയുമായി ബന്ധം തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എ.ഐ.എ.ഡി.എം.കെ നേതൃയോഗം തിങ്കളാഴ്ച ചെന്നൈയിൽ നടക്കും. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ല സെക്രട്ടറിമാരും എം.എൽ.എമാരുമടക്കം നേതാക്കൾ പങ്കെടുക്കും.
എ.ഐ.എ.ഡി.എം.കെയുടെ സ്ഥാപകനേതാക്കളെയടക്കം നിരന്തരം അപമാനിക്കുന്ന ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈയുടെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ഡി. ജയകുമാർ പ്രഖ്യാപിച്ചിരുന്നു.
അണ്ണാമലൈ മാപ്പ് പറഞ്ഞാൽ കടുംപിടിത്തം ഉപേക്ഷിക്കാമെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ എ.ഐ.എ.ഡി.എം.കെ സംഘം വെള്ളിയാഴ്ച ഡൽഹിയിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയെയും മന്ത്രി പിയൂഷ് ഗോയലിനെയും കണ്ട നേതാക്കൾ പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചു. എന്നാൽ, അനുകൂല മറുപടിയല്ല ലഭിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.