തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷൻ കെ.കെ അനീഷ് കുമാർ. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന പുറത്താക്കിയാളാണ് ആരോപണം ഉന്നയിച്ച തിരൂർ സതീഷെന്നും അതിന്റെ വൈരാഗ്യം തീർക്കാനാണ് ഇത്തരം ആരോപണവുമായി രംഗത്തുവരുന്നതെന്നും അനീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഈ സമയത്ത് ഇത് പറഞ്ഞത് എന്തിനാണെന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും അറിയാം. പണംകിട്ടിയാൽ എന്തും പറയുന്നയാളാണ് സതീഷ്. വിവരങ്ങൾ നേരത്തെ എന്തുകൊണ്ട് ഇയാൾ വെളിപ്പെടുത്തിയില്ലെന്നും ബി.ജെ.പി ജില്ല അധ്യക്ഷൻ ചോദിച്ചു.
ആറു ചാക്കുകളിലാക്കി ബി.ജെ.പിയുടെ തൃശൂർ ഓഫീസിൽ പണമെത്തിച്ചുവെന്ന് ബി.ജെ.പി തൃശൂർ ജില്ല ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ആറു ചാക്കുകളിലാക്കിയാണ് പണമെത്തിച്ചത്. ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്നാണ് കരുതിയതെന്നും എന്നാൽ ഓഫീസിൽ എത്തിച്ചപ്പോഴാണ് പണമാണെന്ന് മനസിലായതെന്നും സതീഷ് പറയുന്നു. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. തൃശൂരിലേക്ക് ആവശ്യമുള്ള പണം നൽകിയ ശേഷം ബാക്കി അവിടെ നിന്നും കൊണ്ടുപോകുകയായിരുന്നുവെന്ന് സതീശ് പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണെന്നും ജില്ല ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും സതീശ് പറഞ്ഞു.
കർണാടകയിൽനിന്ന് എത്തിച്ച മൂന്നര കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവം 2021 ഏപ്രിൽ മൂന്നിന് പുലർച്ചയാണ് നടന്നത്. പണം തട്ടിയെടുത്ത സംഘത്തിലെ സ്ത്രീകളടക്കം 22 പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു കോടിയോളം രൂപ കണ്ടെത്തുകയും ചെയ്തു.
എന്നാൽ, പണത്തിന്റെ ഉറവിടം, ആർക്കുവേണ്ടിയാണ് പണം കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടായില്ല. പണം ബി.ജെ.പി കേരളത്തിലെ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ കൊണ്ടുവന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. കർണാടകയിൽനിന്ന് എത്തിച്ച ബി.ജെ.പി ഫണ്ടിൽനിന്നാണ് കവർച്ച നടന്നതെന്ന, പരാതിക്കാരനും ആർ.എസ്.എസുകാരനുമായ ധർമരാജന്റെ മൊഴിയിലാണ് അന്വേഷണം തുടങ്ങിയത്. കേരള പൊലീസിന്റെ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മകനുമടക്കം രണ്ടു ഡസൻ നേതാക്കൾ സാക്ഷികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.