കൊച്ചി: മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമര്‍ശത്തിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന മതസ്പര്‍ദ്ധ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പി ആലപ്പുഴ ജില്ല കണ്‍വീനര്‍ ഹരീഷ് ആര്. കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മന്ത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാന് രംഗത്തെത്തിയിരുന്നു. മോദിയുടെ ക്രിസ്മസ് വിരുന്നുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാമർശത്തിലെ കേക്ക്, വൈൻ, രോമാഞ്ചം തുടങ്ങിയ പ്രയോഗങ്ങൾ പിൻവലിക്കുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ചില പരാമർശങ്ങൾ പ്രയാസമുണ്ടാക്കിയെന്ന് താനുമായി അടുപ്പമുള്ള ക്രൈസ്തവ പുരോഹിതർ നേരിട്ടും അല്ലാതെയും അറിയിച്ചതിനെത്തുടർന്നാണ് വിവാദ പദപ്രയോഗങ്ങൾ പിൻവലിക്കുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അത് വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണ്. എന്നാൽ, പ്രധാനമന്ത്രി നൽകിയ വിരുന്നിൽ മണിപ്പൂർ കലാപത്തെക്കുറിച്ച് മേലധ്യക്ഷർ പ്രതികരിക്കേണ്ടതായിരുന്നുവെന്ന നിലപാടിൽ മാറ്റമില്ല. കിട്ടിയ അവസരം അവർ വിനിയോഗിച്ചില്ല. പുരോഹിതർ വിരുന്നിന് പോയതല്ല പ്രശ്നം. മറിച്ച് പറയേണ്ടത് പറയാത്തതാണ്.
ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരുവർഷം രാജ്യത്ത് 700 വർഗീയ അതിക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നത്. മണിപ്പൂരിൽ മാത്രം നൂറുകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളംപേർ ഭവനരഹിതരായി. നൂറുകണക്കിന് ആരാധനാലയങ്ങൾ തകർത്തു. ബി.ജെ.പിയോ പ്രധാനമന്ത്രിയോ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. മുസ്ലിംകൾക്കെതിരെയും വിവിധ സംസ്ഥാനങ്ങളിൽ ആക്രമണമുണ്ടായി. ഇതിനെതിരെ നിലപാട് ഒരുമിച്ചെടുക്കണമെന്നാണ് താൻ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ വിരുന്നിൽ ഉന്നയിക്കണമായിരുന്നുവെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.