തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പിയെ കൂടുതൽ കുരുക്കിലാക്കി പ്രതികളുടെ മൊഴി. കവർച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിക്കാർ കൊണ്ടുവന്നതാണെന്നും അത് അവർ തന്നെ വാടകസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നുവെന്നും തങ്ങൾക്ക് പങ്കില്ലെന്നും പ്രതികൾ കോടതിയിൽ മൊഴി നൽകി.
കേസിലെ 10 പ്രതികൾ തൃശൂർ ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്. തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു 10 പ്രതികളുടെയും ആവശ്യം. എന്നാൽ, ജാമ്യാപേക്ഷ കോടതി തള്ളി. കൊള്ളയടിക്കപ്പെട്ട പണത്തിെൻറ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാലും പണം കണ്ടെടുക്കാനുള്ളതിനാലും ജാമ്യം അനുവദിക്കരുതെന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു വാദിച്ചു. പ്രതികൾക്ക് ഭീഷണിയുണ്ടെന്നും ഇവർ പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ഹരജി തള്ളിയത്.
അഞ്ചാം പ്രതി മുകുന്ദപുരം താലൂക്ക് വടക്കുംകര വട്ടപ്പറമ്പില്‍ അരീഷ്, ആറാം പ്രതി വെളയനാട് കോക്കാടന്‍ മാര്ട്ടിന്, ഏഴാം പ്രതി കൊറ്റനല്ലൂര്‍ പല്ലേപ്പാടം തരൂപ്പീടികയില് ലബീബ്, എട്ടാം പ്രതി കുറ്റിച്ചാല്‍ പറമ്പില്‍ അഭിജിത് (അബി), ഒമ്പതാം പ്രതി കോണത്തുകുന്ന് തോപ്പില്‍ ബാബു (വട്ടൂര് ബാബു), 10ാം പ്രതി ഹാഷ്മിന്‍ നഗര്‍ വേലംപറമ്പില്‍ അബ്ദുൽ ഷാഹിബ്, 11ാം പ്രതി വെള്ളക്കാട് തരൂപീടികയില്‍ ഷുക്കൂര്‍, 19ാം പ്രതി വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിന്, 18ാം പ്രതി കര്‍ണാടക സോമാര്‍പേട്ട മുഹമ്മദ് ഷാഫി, 13ാം പ്രതി കണ്ണൂര്‍ പയ്യന്നൂര്‍ വേളൂര്‍ കാരാമല്‍ ഖദീജ മന്‍സിലില്‍ അബ്ദുസ്സലാം എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
വ്യാജ പ്രചാരണം; എ.എസ്.ഐക്ക് സ്ഥലംമാറ്റം
തൃശൂർ: കൊടകര കുഴൽപണക്കേസ് അന്വേഷണ സംഘത്തിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐയെ സ്ഥലം മാറ്റി. പി.വി. സുഭാഷിനെയാണ് സ്ഥലം മാറ്റിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ബി.ജെ.പിക്കാർക്ക് അന്വേഷണ വിവരം ചോർത്തി നൽകുന്നെന്ന് വാർത്ത വന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. സിറ്റി പൊലീസ് പരിധിയിൽ തന്നെ മണ്ണുത്തി സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. സിറ്റി പൊലീസ് കമീഷണറുടെ റിപ്പോർട്ട് പരിഗണിച്ച റേഞ്ച് ഡി.ഐ.ജിയാണ് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.