യു.പിയിൽ ബി.ജെ.പി പയറ്റിയത്​ പിണറായിയുടെ തന്ത്രം -കെ. സുധാകരന്‍

കണ്ണൂർ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ പിണറായി വിജയന്‍ നടപ്പാക്കിയത് പോലെ സൗജന്യ ഭക്ഷ്യധാന്യവും മറ്റു വാഗ്ദാനപ്പെരുമഴയും നടത്തി ജനങ്ങളെ കബളിപ്പിച്ച് ജനവിധിയെ സ്വാധീനിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന്​ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

വര്‍ഗീയ ധ്രുവീകരണം ജനാധിപത്യത്തിന് മേല്‍ എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം. ഇത് അപകടകരമായ പ്രവണതയാണ്.

പ്രാദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്നത്​. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്തോ എന്ന കാര്യത്തില്‍ സംശയമാണ് -അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടം ഉണ്ടാക്കുമ്പോള്‍ കേരളത്തില്‍ സി.പി.എം മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. കോണ്‍ഗ്രസിന്റെ പരാജയം മതേതരത്വത്തിന്റെ ദുര്‍ദിനമാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുവെന്നത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനായി കാണണം. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ലക്ഷ്യം. അതിലേക്ക് എത്താന്‍ കേരളത്തില്‍ ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സന്തോഷം പ്രകടമായതെന്നും സുധാകരന്‍ പറഞ്ഞു.

അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചു എന്നതാണ് യു.പിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. ദലിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.പി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വളരെ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നത് കൂടി നാം ഇവിടെ കൂട്ടിവായിക്കണം.

വര്‍ഗീയ ശക്തികളെയും തല്‍പ്പര രാഷ്ട്രീയ കക്ഷികളെയും അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ മതനിരപേക്ഷ ശക്തികളുടെ ഐക്യം ഉയര്‍ന്നുവരണം. പഞ്ചാബിലെ ജനവിധിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം പഠിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. വീഴ്ചകളില്‍ തിരുത്തലുകള്‍ വരുത്തി ശക്തമായ തിരിച്ചുവരവ് നടത്തുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ജനാധിപത്യത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികം. ജനവിധിയെ മാനിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - BJP practising Pinarayi vijayan's strategy in UP -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.