സർക്കാർ പദ്ധതി ഗുണഭോക്താക്കളെ ഫോൺവിളിച്ച് വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമം, ജാഗ്രത പാലിക്കണം -പി. ജയരാജൻ

കണ്ണൂർ: വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് ശേഖരിച്ച് അവരെ ഫോൺവിളിച്ച് വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കാനറാ ബാങ്കിൽ നിന്ന് ഭവനവായ്പയെടുത്തയാളോട്, പ്രധാനമന്ത്രി ആവാസ് യോജനയിൽ കിട്ടിയ സബ്സിഡിയുടെ പേരിൽ താമരക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി ഓഫിസിൽ നിന്ന് ഫോൺ വിളിച്ച് ആവശ്യപ്പെടുന്ന ശബ്ദരേഖ താൻ കേട്ടതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര - സംസ്ഥാന സർക്കാറുകൾ നടപ്പാക്കിയ ഒട്ടേറെ പദ്ധതികളിലൂടെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, വായ്പാ ഏജൻസികളിൽ നിന്ന് ഗുണഭോക്താക്കളുടെ ലിസ്റ്റെടുത്ത് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുകയാണ് ബി.ജെ.പി ചെയ്യുന്നത്. കള്ളപ്പണം കൊണ്ട് വോട്ടും ജനാധിപത്യവും വിലക്കെടുക്കാം എന്നാണ് ബി.ജെ.പിയുടെ വ്യാമോഹം. അത് കേരളത്തിൽ വിലപ്പോവില്ല. മലയാളികളെ സംഘപരിവാറിന് കീഴടക്കുന്നതിനായുള്ള സൂത്രപ്പണി വിജയിക്കില്ല. എങ്കിലും ഇക്കാര്യത്തിൽ ഓരോയിടത്തും ജാഗ്രത പുലർത്തേണ്ടതുണ്ട് -ജയരാജൻ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് രാവിലെയാണ് ഒരാൾ ഒരു വോയിസ് ക്ലിപ്പ് എനിക്ക് അയച്ചു തന്നത്. ബി.ജെ.പി. ഓഫീസിൽ നിന്നുള്ള ഒരാൾ ഫോൺ വിളിച്ച് സംസാരിക്കുന്നതിൻ്റെ സംഭാഷണങ്ങളാണ് അതിലുള്ളത്. കാനറാ ബാങ്കിൽ നിന്ന് ലോണെടുത്ത് സ്വന്തം സ്ഥലത്ത് വീടെടുത്തയാളാണ് ഇങ്ങേ തലക്കൽ. പ്രധാനമന്ത്രി ആവാസ് യോജനയിൽ കിട്ടിയ സബ്സിഡിയുടെ പേരിൽ താമരക്ക് വോട്ട് ചെയ്യണമെന്നാണ് ബി.ജെ.പിയുടെ അഭ്യർത്ഥന.

കേന്ദ്ര - സംസ്ഥാന ഗവൺമെൻ്റുകൾ നടപ്പാക്കിയ ഒട്ടേറെ പദ്ധതികളിലൂടെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുകയുണ്ടായി. അതിൻ്റെ ഭാഗമായി ഒരു രാഷ്ട്രീയ പാർട്ടി, വായ്പാ ഏജൻസികളിൽ നിന്ന് ഗുണഭോക്താക്കളുടെ ലിസ്റ്റെടുത്ത് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുന്നുവെന്നാണ് ഈ സംഭാഷണം വ്യക്തമാക്കുന്നത്.

രാജ്യത്തിലെ ജനങ്ങളുടെ അവകാശങ്ങൾ പടിപടിയായി കവർന്നെടുത്ത് പൊതു സമ്പത്ത് കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്ന ബി.ജെ.പി. സർക്കാരിനെ വീണ്ടും പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത നീക്കം തുടങ്ങിയിരിക്കുന്നു എന്നാണർത്ഥം. ക്ഷേമാനുകുല്യങ്ങളാണ് വോട്ട് ചെയ്യാൻ മാനദണ്ഡമാക്കുന്നതെങ്കിൽ അത് നൽകേണ്ടത് ഇടതുപക്ഷത്തിനാണ്. ഇന്ത്യയിൽ ബി.ജെ.പി. - കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന ന്യൂനപക്ഷ വേട്ട നടക്കാതിരിക്കുന്ന സംസ്ഥാനം കേരളമാണ്. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ നടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തെ പ്രതിരോധിക്കുന്ന സർക്കാരും ഇടതുപക്ഷത്തിൻ്റേതാണ്. വികസന വായ്ത്താരികൾ പറഞ്ഞ് കോർപറേറ്റ് വികസനത്തിന് മാത്രം താൽപര്യമെടുക്കുന്ന ബി.ജെ.പി.ക്ക് ഒരു വ്യാമോഹമുണ്ട്, കള്ളപ്പണം കൊണ്ട് വോട്ടും ജനാധിപത്യവും വിലക്കെടുക്കാം എന്നതാണത്. അത് കേരളത്തിൽ വിലപ്പോവില്ല.

മോദി മുമ്പ് പറഞ്ഞത് പോലെ, ഇനി ലക്ഷ്യം കേരളമാണെന്ന് കണക്കാക്കി മലയാളികളെ സംഘപരിവാറിന് കീഴടക്കുന്നതിനായുള്ള സൂത്രപ്പണി വിജയിക്കില്ല. എങ്കിലും ഇക്കാര്യത്തിൽ ഓരോയിടത്തും ജാഗ്രത പുലർത്തേണ്ടതുണ്ട്.

Tags:    
News Summary - BJP reaching out to beneficiaries of government schemes for votes, should be careful -P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.