തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സെക്രേട്ടറിയേറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്ത ല്‍. 22ന് അവസാനിപ്പിക്കാനും ധാരണ. പ്രവർത്തകരിൽനിന്നും മുൻനിര നേതാക്കളിൽനിന്നും മ തിയായ പിന്തുണ ലഭിക്കാത്തതും മാധ്യമങ്ങൾ തങ്ങളുെട പരിപാടികൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതും തിരിച്ചടിയായെന്ന് പാർട്ടി സമ്മതിക്കുന്നു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച റിവ്യൂ ഹരജി സുപ്രീംകോടതി പരിഗണിക്കുന്ന ഇൗമാസം 22ന് സമരം അവസാനിപ്പിക്കാൻ ധാരണയായതായാണ് വിവരം. 18ന് ശബരിമല കർമസമിതി ഉൾപ്പെടെ നടത്തുന്ന സെക്രേട്ടറിയറ്റ് ഉപരോധത്തിെൻറ അന്ന് സമരം അവസാനിപ്പിക്കാനും സാധ്യതയുണ്ട്.
സമരം 42ാം ദിവസത്തിലേക്ക് കടന്നിട്ടും ഒത്തുതീർപ്പാക്കാൻ സർക്കാറിനുമേൽ യാതൊരു സമ്മർദവുമുണ്ടാക്കാൻ സാധിച്ചില്ലെന്നും നേതാക്കളെയും അണികളെയും കൃത്യമായി എത്തിച്ച് മതിയായ പ്രതിരോധം സൃഷ്ടിക്കാനായില്ലെന്നുമാണ് സ്വയം വിലയിരുത്തൽ. കഴിഞ്ഞമാസം മൂന്നിനാണ് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി ശബരിമല സമരം മാറ്റിയത്. അതുതന്നെ പാർട്ടിയിൽ കാര്യമായ കൂടിയാലോചന നടത്താതെയായിരുന്നു. ജന.സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നിരാഹാരം ആരംഭിച്ചെങ്കിലും അതിന് മണിക്കൂറുകൾ മുമ്പുതന്നെ നിയമസഭയിൽ സത്യഗ്രഹം ആരംഭിച്ച് യു.ഡി.എഫ് എം.എൽ.എമാർ ശബരിമല സമരം ഹൈജാക് ചെയ്തു.
തുടർന്ന്, പ്രധാന നേതാക്കളുടെ ചിത്രങ്ങളൊന്നും സമരപ്പന്തലിൽ െവച്ചില്ലെന്നതിനെചൊല്ലി വിവാദമുണ്ടായി. രാധാകൃഷ്ണന് പിന്നാലെ മുൻ പ്രസിഡൻറ് സി.കെ. പത്മനാഭൻ, ശോഭ സുരേന്ദ്രൻ എന്നിവർ നിരാഹാരം കിടന്നെങ്കിലും പിന്നീട് ജനശ്രദ്ധയാകർഷിച്ച നേതാക്കളെ നിരാഹാരം അനുഷ്ഠിക്കാൻ കിട്ടിയില്ല. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, കെ. സുരേന്ദ്രൻ എന്നിവരെപ്പോലുള്ള നേതാക്കൾ നിരാഹാരം ഇരിക്കാൻ തയാറാകാത്തതും തിരിച്ചടിയായി. ബി.ജെ.പി മാർച്ചിനിടയിലും ഹർത്താലിനിടയിലും സമരപ്പന്തലിനുനേരെ ആക്രമണത്തിനുള്ള ശ്രമമുണ്ടായിരുന്നു. ആ സാഹചര്യത്തിൽ സമരം അവസാനിപ്പിച്ച് മുഖം രക്ഷിക്കാമായിരുന്നെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമയാണ് ഇപ്പോള്‍ സമരമനുഷ്ഠിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ സമരം വെറും ചടങ്ങാണെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ. അതിനാൽ ഇത് എങ്ങനെയെങ്കിലും അവസാനിപ്പിക്കുന്നതാകും പാർട്ടിക്ക് നല്ലതെന്ന അഭിപ്രായം ബി.ജെ.പിക്കുള്ളിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.