കോഴിക്കോട്: സാംസ്കാരിക രംഗത്ത് സ്വാധീനമുറപ്പിക്കാൻ ആസൂത്രിത നീക്കവുമായി ബി.ജെ.പി. പൊതുരംഗത്തുള്ള സാംസ്കാരിക പ്രവർത്തകരെയും ബുദ്ധിജീവികളെയും കലാകാരന്മാരെയും ആകർഷിക്കാനാണ് പദ്ധതി. കോടികൾ ചെലവഴിച്ച് കോഴിക്കോട് ചാലപ്പുറത്ത് പണിത കേസരി ഭവൻ കേന്ദ്രമാക്കിയാണ് കരുനീക്കങ്ങൾ.
തപസ്യയും ഭാരതീയ വിചാരകേന്ദ്രവും ബ്രാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ പുതിയ കേന്ദ്രത്തെ പൊതുമുഖമായി അവതരിപ്പിക്കുകയാണ് പാർട്ടി. സാംസ്കാരിക സംഘടനകളുടെ ഓഫിസുകളും പ്രസിദ്ധീകരണശാലകളും കലാ, പഠനകേന്ദ്രങ്ങളും ഈ സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. ജന്മഭൂമി പത്രം, കേസരി വാരിക തുടങ്ങി പാർട്ടി പ്രസിദ്ധീകരണങ്ങൾക്ക് പുറമെ, മഹാത്മഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടും കേസരി മാധ്യമ പഠന ഗവേഷണകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.
ഇടത് ചിന്താഗതിയുള്ള സാംസ്കാരിക പ്രവർത്തകരെ ഊന്നിയാണ് വലവീശൽ. കോഴിക്കോട് നഗരത്തിലെ സ്ഥിരം സാംസ്കാരിക സാന്നിധ്യമായ ചിലരെ സഹകരിപ്പിക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. പ്രവർത്തനം കൂടുതൽ വിശാലമാക്കുന്നതിന്റെ ഭാഗമായാണ് കുറച്ചുദിവസം മുമ്പ് മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി അംഗം അഡ്വ. കെ.എൻ.എ. ഖാദറിനെ പങ്കെടുപ്പിച്ച് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചത്.
ഇത് വിവാദമാവുകയും ഖാദർ പിന്നീട് പാർട്ടിയോട് ഖേദം പ്രകടിപ്പിച്ച് വിഷയം അവസാനിപ്പിക്കുകയുമായിരുന്നു. മാധ്യമ പഠന ഗവേഷണകേന്ദ്രത്തിന്റെ ലേബലിൽ ഇത്തരക്കാരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുമെന്ന തിരിച്ചറിവിലാണ് പ്രവർത്തനങ്ങൾ.
കഴിഞ്ഞ ദിവസം കോഴിക്കോട് സന്ദർശിച്ച കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മാധ്യമസ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.
ബി.ജെ.പിയോട് ഒട്ടും ആഭിമുഖ്യം പുലർത്താത്ത സ്ഥാപനങ്ങളെ തഴഞ്ഞായിരുന്നു സ്വകാര്യ ഹോട്ടലിൽ കേന്ദ്ര മന്ത്രിയുടെ സംവാദം. മുസ്ലിം മാനേജ്മെന്റുകൾക്ക് കീഴിലുള്ളതും യു.ഡി.എഫ്, എൽ.ഡി.എഫ് നേതൃത്വത്തിലുള്ളതും സംഘ്പരിവാറിനെ ശക്തമായി എതിർക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ തഴഞ്ഞ് കേന്ദ്രമന്ത്രി ഔദ്യോഗിക കൂടിക്കാഴ്ച സംഘടിപ്പിച്ചത് ആസൂത്രിതമാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.