തൃശൂർ: കേന്ദ്രസർക്കാർ പദ്ധതികളുടെയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെയും പ്രചാരണത്തിൽ കേരളഘടകം ഏറെ പിന്നിലെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തിൽ വിമർശനം. എന്നാൽ, വിവിധ പ്രചാരണ പരിപാടികൾ നടക്കുന്നതായാണ് യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ വിശദീകരിച്ചത്. ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ എം.പിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധിയും, ശബരിമല വിഷയവും പ്രചാരണരംഗത്ത് യു.ഡി.എഫിനും എൽ.ഡി.എഫിനുമെതിരായ ശക്തമായ ആയുധമാക്കാൻ യോഗത്തിൽ നിർദേശമുയർന്നു. ക്രൈസ്തവ സഭ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച, മാർപാപ്പയെ ഇന്ത്യയിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനമുണ്ടാക്കിയ മാറ്റങ്ങൾ, നവകേരള സദസ്, പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷത്തിന് കിട്ടിയ മേൽക്കൈ തുടങ്ങിയവയും ചർച്ച ചെയ്തു. ജനുവരി മൂന്നിന് പ്രധാനമന്ത്രി പങ്കെടുക്കുന്ന തൃശൂരിലെ ‘മഹിളാ സമ്മേളനം’ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് വിപുലമായാണ് സംഘടിപ്പിക്കുന്നത്. 2019ൽ ലോക്സഭയിലേക്കും 2021ൽ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടും തൃശൂരിൽ സജീവമാണ് സുരേഷ്ഗോപി. ശക്തമായ ത്രികോണ മത്സരത്തിലൂടെ ഇത്തവണ വിജയിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ബൂത്ത് തലത്തിൽ പ്രവർത്തനം സജീവമാക്കി. തിരുവനന്തപുരവും വിജയസാധ്യതയുള്ള മണ്ഡലമായാണ് കണക്കാക്കിയിരിക്കുന്നത്.
സംസ്ഥാന-ജില്ലാ നേതാക്കൾക്ക് പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങൾക്കും നിർദേശം നൽകി. രാധാമോഹൻ അഗർവാളും സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും തൃശൂരിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ക്രൈസ്തവ സഭ നേതാക്കൾ, പൂരം സംഘാടകർ, പൗരപ്രമുഖർ തുടങ്ങിയവരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും ആലോചിക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സംവിധായകൻ മേജർ രവി, കോൺഗ്രസിൽ നിന്നെത്തിയ ദേശീയ സെക്രട്ടറി സി. രഘുനാഥ് എന്നിവർക്ക് സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറിമാർ, ജില്ല പ്രസിഡൻറുമാർ, മോർച്ച സംഘടന ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.