വർഗീയത ആളിക്കത്തിക്കാൻ ബി.ജെ.പി ശ്രമം, കേരളം ജാഗ്രത പുലർത്തണം -രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ വിവാദ നാർക്കോട്ടിക്​ പരാമർശം മുതലെടുത്ത്​ വർഗീയത ആളിക്കത്തിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ആർ.​എസ്​.എസിന്‍റെയും ബി.ജെ.പിയുടെയും നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങൾ ജാഗരൂകരായി നിൽക്കണം. അവർ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തിന്​ പേരുകേട്ട കേരളത്തിൽ വർഗീയത ആളിക്കത്തിക്കാനാണ്​ ശ്രമം. ഇതിനെ ഗൗരവത്തിൽ കാണണം.

ഈ വിഷയത്തില്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ശ്രീധരന്‍പിള്ള അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഗവർണർ പദവിക്ക്​ ഒരു ഔന്നിത്യമുണ്ട്​. വർഗീയ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന്​ വിട്ടുനിൽക്കണം.

ഗോൾവാർക്കറുടെ പുസ്​തകം പഠിപ്പിക്കാൻ താൽപര്യമുള്ള പിണറായി വിജയന്‍റെ വൈസ്​ചാൻസിലറാണ്​ കേരളത്തിലുള്ളത്​. ഏത്​ ആശയം പഠിക്കുന്നതിലും തെറ്റില്ല. പക്ഷേ, കുട്ടികൾക്ക്​ ഗാന്ധിയെയും നെഹ്​റുവിനെയും പഠിപ്പിക്കാതെ ഗോൾവാർക്കറിനെ മാത്രം പഠിച്ചാൽ മതിയെന്ന്​​ പറയുന്ന അക്കാദമിക്​ സമിതികൾ ആരുടെ താൽപര്യമാണ്​ സംരക്ഷിക്കുന്നതെന്ന്​ വ്യക്​തമാക്കണം -ചെന്നിത്തല വ്യക്​തമാക്കി.

സാമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്​ടിക്കുന്ന തരത്തിൽ പാലാ ബിഷപ്പ്​ നടത്തിയ വിവാദ പ്രസ്​താവനയുടെ പശ്​ചാത്തലത്തിൽ രംഗം കൂടുതൽ വഷളാവാതെ നോ​ക്കേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ എംഎൽ.എ അഭിപ്രായപ്പെട്ടിരുന്നു. സി.പി.എമ്മിന്​ ഇതിനകത്ത്​ ഒരു നിഗൂഡ അജണ്ട ഉണ്ടോ എന്ന്​ സംശയിക്കുന്ന തരത്തിലാണ്​ പാർട്ടിയുടെ സംസ്​ഥാന സെക്രട്ടറിയുടെ പ്രതികരണമെന്നും അദ്ദേഹം തിരൂരിൽ വ്യക്​തമാക്കി.

ഫെയ്​ക്ക്​ ഐ.ഡികൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി രണ്ട്​ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്​. ഒരു സംഘപരിവാർ അജണ്ട ഇതിനുപിന്നിലുണ്ട്​. സമുദായങ്ങൾ തമ്മിൽ അടിച്ചോ​ട്ടെ എന്ന മട്ടിൽ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്​. ഇത്​ ശരിയല്ല. സി.പി.എമ്മിന്​ ഇക്കാര്യത്തിൽ ഒരു നയവുമില്ല. ഇതിനകത്ത്​ ഒരു നിഗൂഡ അജണ്ട അവർക്കുണ്ടോ എന്ന്​ സംശയിക്കുന്ന തരത്തിലാണ്​ പാർട്ടിയുടെ സംസ്​ഥാന സെക്രട്ടറി പ്രതികരിക്കുന്നതെന്നും സതീശൻ വ്യക്​തമാക്കി.

Tags:    
News Summary - BJP Trying to Promote communalism, Kerala should be vigilant - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.