തൃശ്ശൂർ: കർണാടക തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഹുങ്കിനുള്ള മറുപടിയാണെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ അവർ പൂർണമായും തറപ്പറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബി.ജെ.പിക്കെതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടിയോജിപ്പിക്കാൻ കഴിയേണ്ടതുണ്ട്. ഏതെങ്കിലും ഒരു കക്ഷിക്ക് മാത്രമായി അതിന് കഴിയുമെന്ന് തോന്നുന്നില്ല. ഓരോ സംസ്ഥാനത്തേയും സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഒല്ലൂരിൽ എൽ.ഡി.എഫ്. സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ബി.ജെപിക്ക് ഇനിയും തുടർച്ചയുണ്ടായാൽ രാജ്യത്തിന് സർവനാശമുണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നു. രാജ്യത്തിന്റെ അവസ്ഥയിൽ മതനിരപേക്ഷ ചിന്താഗതിക്കാർ ഉത്കണ്ഠാകുലരാണ്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭാവി, പാർലമെന്ററി ജനാധിപത്യം ഇതേരീതിയിൽ തുടരുമോ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകൾ ജനങ്ങളിലുണ്ട്. ഇതിനിടയാക്കിയത് കേന്ദ്ര സർക്കാരാണ്. ആർ.എസ്.എസ്. നേതൃത്വം അംഗീകരിച്ചിട്ടുള്ള ബി.ജെ.പിയാണ് സർക്കാരിന് നേതൃത്വം നൽകുന്നത്. ആർ.എസ്.എസിന് ജനാധിപത്യരീതിയോടും മതനിരപേക്ഷതയോടും പാർലമെന്ററി ജനാധിപത്യത്തോടും യോജിപ്പില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.