തൃശൂർ: കരുവന്നൂർ വിഷയത്തിൽ താൻ കള്ളം പറയുകയാണെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളം പറഞ്ഞ് ശീലമില്ലെന്നും കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന ഉറപ്പിൽ മാറ്റമില്ലെന്നും അദ്ദേഹം സി.പി.എം തൃശൂർ ജില്ല കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കരുവന്നൂരിൽ 117 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകൊടുത്തു. ഇനിയും ആവശ്യപ്പെടുന്നവർക്ക് നൽകും. കേന്ദ്രവും ഇവിടത്തെ പ്രതിപക്ഷവും ശ്രമിച്ചിട്ടും ബാങ്ക് തകർന്നിട്ടില്ല. ബാങ്കിൽ വഴിതെറ്റി പ്രവർത്തിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന സഹകരണ വകുപ്പിന്റെയും സർക്കാറിന്റെയും ഉറപ്പിൽ മാറ്റമില്ല. ശക്തമായ നടപടി തുടരുകയാണ്. തൃശൂരിലും തിരുവനന്തപുരത്തും മറ്റും സി.പി.എം-ബി.ജെ.പി ‘ഡീൽ’ ഉണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ‘കോൺഗ്രസിന്റെ കളരിയിലല്ല ഞങ്ങൾ പഠിച്ചത്. നാലു വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാർട്ടിയല്ല സി.പി.എം.
പ്രാദേശികമായി ഇപ്പോഴും വർഗീയബന്ധം തുടരുന്നവരാണ് കോൺഗ്രസുകാർ. എസ്.ഡി.പി.ഐ പിന്തുണ ആദ്യം സ്വാഗതംചെയ്ത കെ.പി.സി.സി പ്രസിഡന്റ് ഏതു സാഹചര്യത്തിലാണ് അവരെ തള്ളിപ്പറഞ്ഞതെന്നും അറിയാം. എസ്.ഡി.പി.ഐയെപ്പോലെയല്ല പി.ഡി.പി. സി.പി.എം ബി.ജെ.പിയെ നിശിതമായി വിമർശിക്കുമ്പോൾ കോൺഗ്രസ് പല കാര്യത്തിലും അവർക്കൊപ്പമാണ്’ -മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടൊന്നും തൃശൂരിൽ സുരേഷ് ഗോപിയെ രക്ഷപ്പെടുത്താമെന്ന് കരുതേണ്ട. തൃശൂരിൽ ഉൾപ്പെടെ 20 സീറ്റിലും ബി.ജെ.പി മൂന്നാം സ്ഥാനത്താവും. സി.എം.ആർ.എൽ കേസിൽ തനിക്കും മകൾക്കുമെതിരായ പ്രധാനമന്ത്രിയുടെ പ്രസ്താവനയോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഏതു വിവരത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി അത് പറഞ്ഞത്? രണ്ടു സ്ഥാപനങ്ങൾ തമ്മിൽ അക്കൗണ്ട് മുഖേന നടന്ന ഇടപാടുകളാണ്. അതിനെയും രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണ്.
കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രത്യേക ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചുതുടങ്ങിയിട്ട് കുറച്ചു കാലമായി. കേരളത്തിലെ സഹകരണ മേഖല തകർക്കുകയാണ് ബി.ജെ.പി ലക്ഷ്യം. നോട്ടുനിരോധന കാലത്ത് അതിന് ശ്രമം തുടങ്ങിയതാണ്. ഇലക്ടറൽ ബോണ്ട് വരെ എത്തിനിൽക്കുന്ന എത്രയെത്ര അഴിമതികളാണ് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും ചെയ്തത്. ആ സംസ്കാരമില്ല കേരളത്തിൽ. ബി.ജെ.പി പ്രകടനപത്രികയിൽ നിറഞ്ഞുനിൽക്കുന്നത് വർഗീയ അജണ്ടയാണ്.
10 വർഷംകൊണ്ട് കോർപറേറ്റുകളുടെ മാത്രം ശാക്തീകരണമാണ് നടന്നത്. കേരളത്തെക്കുറിച്ച് കടുത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്ന, വാരാണസി എം.പി കൂടിയായ പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഉത്തർപ്രദേശിന്റെ സ്ഥാനം ഏതാണെന്ന് സ്വയം ചോദിക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.