പാലക്കാട്: പെൻഷൻ ഫണ്ട് വിഷയത്തിൽ കോടതി ഇടപെടലിലൂടെ താൽക്കാലിക ആശ്വാസം നേടിയെങ്കിലും പെൻഷന്റെ ഭാവി സംബന്ധിച്ച് കെ.എസ്.ഇ.ബിയിലെ 40,000 പെൻഷൻകാരും 19,000 ജീവനക്കാരും ആശങ്കയിൽ. ഉപഭോക്താക്കളിൽ നിന്ന് ഡ്യൂട്ടിയിനത്തിൽ പിരിച്ച് കെ.എസ്.ഇ.ബി പെൻഷൻ ട്രസ്റ്റിലേക്ക് (മാസ്റ്റർ ട്രസ്റ്റ്) പ്രതിമാസം നൽകാറുള്ള 586 കോടി രൂപ നവംബർ മുതൽ കരാർ കാലാവധി കഴിഞ്ഞെന്ന ന്യായത്തിൽ സർക്കാർ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
നവംബർ ഒന്നിന് ഗസറ്റ് വിജ്ഞാപനത്തിലൂടെ കരാറിലെ തിരുത്തൽ സഹിതമായിരുന്നു നടപടി. തുടർന്നുള്ള നിയമ നടപടികളിൽ ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാറിലേക്ക് നേരിട്ടടക്കാനുള്ള സർക്കാർ വിജ്ഞാപനം രണ്ടാഴ്ച മുമ്പ് ഹൈകോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. താൽക്കാലിക ആശ്വാസമായെങ്കിലും സർക്കാറിന്റെ ഏകപക്ഷീയ നടപടികളിൽ ഇടത് ഉദ്യോഗസ്ഥ-തൊഴിലാളി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
2013ൽ കമ്പനി ആകുന്ന സമയത്താണ് പെൻഷൻ ഫണ്ടിലേക്കായി ട്രാൻസ്ഫർ സ്കീം കരാറിൽ സർക്കാറും കെ.എസ്.ഇ.ബിയും ഒപ്പിടുന്നത്. പെൻഷൻ ബാധ്യത 35.4: 64.6 എന്ന അനുപാതത്തിൽ സംസ്ഥാന സർക്കാറും കെ.എസ്.ഇ.ബി ലിമിറ്റഡും വഹിക്കും വിധമായിരുന്നു 10 വർഷ കരാർ.
2023 ഒക്ടോബർ 31 ന് ഇതിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു സർക്കാറിന്റെ ഇപ്പോഴത്തെ ഉത്തരവ്. എന്നാൽ, നവംബർ ഒന്നിന് സർക്കാർ ഡ്യൂട്ടി വിഹിതം തിരിച്ചെടുക്കാൻ വിജ്ഞാപനമിറക്കിയപ്പോൾ കരാറിലെ മാസ്റ്റർ ട്രസ്റ്റിലേക്ക് സർക്കാർ, ബോർഡ് നൽകേണ്ട അനുപാതത്തെക്കുറിച്ച് പറയുന്ന 6.9 എന്ന ഭാഗം ഒഴിവാക്കിയത് ആക്ഷേപങ്ങൾക്കിടയാക്കി.
ഉത്തരവ് കരാർ കൈമാറ്റപദ്ധതിയുടെ ഭേദഗതികൾ, ഒരു വർഷത്തിനുള്ളിൽ സംഘടനകളുമായി ആലോചിച്ച് മാത്രമേ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പെൻഷണേഴ്സ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷനും ഇതുസംബന്ധിച്ച് ബോർഡ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡ്യൂട്ടിയിനത്തിൽ 5861 കോടി രൂപ ഇതുവരെ സർക്കാർ മാസ്റ്റർ ട്രസ്റ്റിലേക്ക് നൽകിയിട്ടുണ്ട്. എന്നാൽ, ഇനിയുള്ള ബാധ്യതയായ 23,581 കോടി രൂപ മാസ്റ്റർ ട്രസ്റ്റിലേക്ക് ബോർഡും സർക്കാറും അടക്കണം. സർക്കാർ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കിൽ അധികബാധ്യതയായി വരുന്ന ഈ തുകയുടെ വർധന കൂടി വൈദ്യുതി താരിഫിൽ വരുത്താൻ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടേക്കുമെന്ന് ആശങ്കയുണ്ട്. എന്ത് സമീപനം സ്വീകരിക്കണമെന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബിയും ആശങ്കയിലാണ്.
മാധ്യമ പിന്തുണയോടെയും കേസിൽപെടുത്തിയും ഇല്ലായ്മ ചെയ്യാനുള്ള നീക്കം അതിജീവിച്ചാണ് എതിരില്ലാതെ വിജയിച്ചതെന്ന് വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.