പാനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 12ാം പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മറ്റി അംഗവുമായ കെ.പി. ജ്യോതി ബാബുവിന്റെ വീടിനുസമീപം ബോംബ് സ്ഫോടനം. ഇന്നലെ രാത്രി 11.35 ഓടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്.
വീടിനു സമീപത്തെ ഇടവഴിയിലാണ് സ്ഫോടനം നടന്നത്. സംഭവമറിഞ്ഞ് കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ടി.പി വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജ്യോതി ബാബുവിന് ഇന്നലെയാണ് ഹൈകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ആവശ്യമായ തനിക്ക് നിൽക്കാനോ നടക്കാനോ സാധിക്കില്ലെന്ന് ശിക്ഷ വിധിക്കും മുമ്പ് ജ്യോതി ബാബു കോടതി മുമ്പാകെ പറഞ്ഞിരുന്നു. ‘വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, ഇടതുകണ്ണിന്റെ കാഴ്ചയും കുറഞ്ഞുവരുകയാണ്. വൃക്കരോഗവും ഹൃദ്രോഗവുമുള്ള തന്‍റെ ഒരു കാലിന് ബലക്ഷയമുണ്ട്. ഭാര്യക്കും വൃക്കരോഗം തുടങ്ങിയിട്ടുണ്ട്. പേശികൾക്ക് ബലക്ഷയമുള്ള മകൻ ചികിത്സയിലാണ്. 20 വയസ്സുള്ള മകളുമുണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബവും അവർക്കൊപ്പമാണ്. തന്റെ സാന്നിധ്യമുണ്ടായാൽ സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടുകാരെ സംരക്ഷിക്കാനാകും’ -ജ്യോതിബാബു കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.