കോഴിക്കോട്: ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നിൽ ബോർഡ്. സമസ്ത പ്രവർത്തകർ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്.
ഓഫീസിൽ സമസ്ത മതവിദ്യാഭ്യാസ ബോർഡ് യോഗം നടക്കുന്നതിനിടെയാണ് പുറത്ത് ബോർഡ് പ്രത്യക്ഷപ്പെട്ടത്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കവെയായിരുന്നു ഇത്.
സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ എടവണ്ണപ്പാറയിൽ നടത്തിയ പ്രസംഗം വിവാദമായതോടെ സമസ്ത - ലീഗ് പ്രവർത്തകർക്കിടയിൽ അനൈക്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് പുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം, കാസർകോട് കാഞ്ഞങ്ങാട്ട് സാദിഖലി ശിഹാബ് തങ്ങളുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ വേദി പങ്കിട്ടിരുന്നു. പണ്ഡിതന്മാർ ഭിന്നിപ്പിക്കുന്ന സ്വരങ്ങൾ ഉണ്ടാക്കരുതെന്നും പ്രവൃത്തിയിലും പ്രസംഗത്തിലും ഇത് ഒഴിവാക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. സമസ്തയുടെ പണ്ഡിതന്മാരും പ്രവർത്തകരും വാക്കുകൾ ശ്രദ്ധിക്കണമെന്നും ഉമർ ഫൈസിയുടെ പേര് പരാമർശിക്കാതെ ജിഫ്രി തങ്ങൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.