തിരുവനന്തപുരം: വടക്കന്‍ ഇസ്രയേലിൽ ലബനാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം വാടി പനമൂട് പുരയിട കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്സ്വെലിന്റെ (31) മൃതദേഹം നാട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4നു വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.
ഇന്നലെ വൈകിട്ട് 6.35നു എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച നിബിന്‍ മാക്സ് വെല്ലിന്‍റെ ഭൗതിക ശരീരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി നൽകിയതിന് ഇസ്രായേൽ ഭരണകൂടത്തിന് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു. കേന്ദ്രസർക്കാരിന് വേണ്ടി കുടുംബത്തെ വി. മുരളീധരൻ അനുശോചനം അറിയിച്ചു.
നോർക്ക റൂട്സ് സിഇഒ (ഇൻ-ചാർജ്) അജിത്ത് കോളശ്ശേരി, ബംഗളൂരുവിലെ ഇസ്രയേൽ കോൺസൽ ജനറൽ ടാമി ബെൻ ഹൈം, വൈസ് കോൺസൽ ആൻഡ് സെക്യൂരിറ്റി ഓഫിസർ റോട്ടം വരുൽക്കർ എന്നിവരും സന്നിഹിതരായിരുന്നു. മൃതദേഹം പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി കൊല്ലത്തേക്ക് കൊണ്ടുപോയി.
ലബനൻ അതിർത്തിയോടു ചേർന്ന ഗലീലി മേഖലയിലെ മാർഗലിയറ്റ് എന്ന സ്ഥലത്ത് കഴിഞ്ഞ 4നു രാവിലെ ആയിരുന്നു മിസൈൽ ആക്രമണം. ഇടുക്കി സ്വദേശികളായ 2 പേർക്കു കൂടി ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രണ്ടുമാസം മുൻപാണ് കാർഷിക വിസയിൽ നിബിൻ മാക്സ്‍വെൽ ഇസ്രയേലിൽ പോയത്.
ഇസ്രായേലിൽ കഴിയുന്ന ഇന്ത്യക്കാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു. അതിനിടെ, യുദ്ധം മൂർച്ഛിക്കുമ്പോഴും ഇസ്രായേലിലേക്ക് നിർമാണത്തൊഴിലിനും കൃഷിക്കും മറ്റും ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോഴും തുടരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. നിലവിൽ ഇസ്രായേലിൽ 18,000ത്തിലധികം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. അവരുടെ സുരക്ഷ പ്രധാന പരിഗണനാവിഷയമാണെന്നും രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇസ്രയേലിലെ വടക്ക്, തെക്ക് അതിർത്തികളിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും ഇസ്രയേൽ സന്ദർശിക്കുന്നവരും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇന്ത്യക്കാർക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയിൽ അടിയന്തര ഹെൽപ്‌ലൈൻ നമ്പർ ഏർപ്പെടുത്തി: 00972 35226748. cons1.telaviv@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം. ഇസ്രയേൽ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റിയുടെ ഹോട്ട്‌ലൈൻ നമ്പറായ 1700707889 ലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.