വള്ളിക്കുന്ന്: പുഴയില്‍ ‘ബോംബ്’ കണ്ടെത്തിയതായി വാർത്ത പരന്നതോടെ പരിഭ്രാന്തരായി ജനം. ഒടുവില്‍ ആശങ്ക ആശ്വാസത്തിന് വഴിമാറിയത് ‘ബോംബ്’ വാഹനത്തില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറെന്ന് തെളിഞ്ഞതോടെ. വള്ളിക്കുന്ന് ഒലിപ്രം കാഞ്ഞിരപ്പൊറ്റ പുഴയില്‍ തിങ്കളാഴ്ച രാവിലെയാണ് വ്യാജബോംബ് കണ്ടെത്തിയത്. തീരദേശ റോഡിലൂടെ യാത്ര ചെയ്തവരാണ് വസ്തു കരക്കടിഞ്ഞ നിലയില്‍ കണ്ടത്.
ഇവര്‍ പഞ്ചായത്ത് അംഗം കെ.വി. അജയ് ലാലിനെ വിവരമറിയിക്കുകയും അജയ് ലാല്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇതിനിടയില്‍ വസ്തു പ്രദേശവാസികള്‍ കരക്കടുപ്പിച്ചിരുന്നു. എന്നാല്‍, െപാലീസ് നിര്‍ദേശപ്രകാരം നാട്ടുകാര്‍ വസ്തു വെള്ളത്തിലേക്കുതന്നെ തിരിച്ചിട്ട് കയറുകൊണ്ട് കെട്ടിയിട്ടു. തുടര്‍ന്ന് പരപ്പനങ്ങാടി അഡീഷനല്‍ എസ്.ഐ മോഹനെൻറ നേതൃത്വത്തിലുള്ള പൊലീസും മലപ്പുറത്തു നിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമ്നി വാനുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണെന്ന് വ്യക്തമായത്.
ഇതുപയോഗിക്കുന്നത് നിരോധിച്ചതോടെ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. സിലിണ്ടര്‍ നിര്‍വീര്യമാക്കാന്‍ ചേളാരിയിലെ ഐ.ഒ.സി ഫില്ലിങ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് മറ്റ് രണ്ടിടങ്ങളില്‍ കൂടി കൊണ്ടുപോയെങ്കിലും നിര്വീര്യമാക്കാനായിട്ടില്ല. സിലിണ്ടര്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.