കോഴിക്കോട്: കടത്തനാടൻ കളരിയിലെ പതിനെട്ടടവുകളും പയറ്റി തീപാറും പോരാട്ടം നടന്ന വടകരയിൽ വിജയ പ്രതീക്ഷയോടെ ഇരുപക്ഷവും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനത്തിലുണ്ടായ കുറവിൽ ആശങ്കയുണ്ടെങ്കിലും വിജയം ഉറപ്പെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നത്. ഇത്തവണ 78.41 ശതമാനമായിരുന്നു പോളിങ്. പാർട്ടി വോട്ടുകൾക്കപ്പുറം സ്ത്രീ സമൂഹത്തിലടക്കം കെ.കെ. ശൈലജക്കുള്ള സ്വീകാര്യത വോട്ടായിമാറിയെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ, എൽ.ഡി.എഫിന്റെ വർഗീയ പ്രചാരണരീതി ജനം തള്ളിയെന്നും യുവജനങ്ങൾ ഒന്നടങ്കം ഷാഫി പറമ്പിലിനൊപ്പം നിന്നെന്നും യു.ഡി.എഫും അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പ് വിലയിരുത്തിയ യോഗശേഷം യു.ഡി.എഫ് സ്ഥാനാർഥി ഒരുലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞത്. എൽ.ഡി.എഫ് സ്ഥാനാർഥി തിളക്കമാർന്ന വിജയം നേടുമെന്നായിരുന്നു സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്റെ പ്രതികരണം. ഒരുലക്ഷത്തിൽപരം വോട്ടാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വടകര ലോക്സഭ മണ്ഡലം. തലശ്ശേരി, കൂത്തുപറമ്പ്, പേരാമ്പ്ര എന്നിവിടങ്ങൾ എൽ.ഡി.എഫും വടകര, കുറ്റ്യാടി, കൊയിലാണ്ടി എന്നിവ യു.ഡി.എഫും പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളാണ്. വികസനത്തിനപ്പുറം അക്രമരാഷ്ട്രീയം, ബോംബ് സ്ഫോടനം, സൈബർ ആക്രമണം എന്നിവ വലിയ ചർച്ചയായ വടകരയിൽ ഇഞ്ചോടിച്ച് പ്രചാരണമായിരുന്നു ഇത്തവണയെന്നതിനാൽ സംസ്ഥാനതലത്തിലും മണ്ഡലം ശ്രദ്ധനേടി. അതേസമയം വർഗീയ പ്രചാരണം സംബന്ധിച്ച വടകരയിലെ വാക്പോര് എൽ.ഡി.എഫും യു.ഡി.എഫും ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.