ഭരണപക്ഷവും പ്രതിപക്ഷവും ഭരണഘടനയെ തകർക്കുന്നു -കെ. സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണർ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സി.പി.എമ്മുകാരെ പേഴ്സണൽ സ്റ്റാഫിൽ എടുത്ത് ഖജനാവ് കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രണ്ട് വർഷം കഴിഞ്ഞ് പെൻഷൻ ഉറപ്പാക്കിയ ശേഷം പുതിയ ആളുകളെ നിയമിച്ച് സി.പി.എമ്മുകാർക്കെല്ലാം ഖജനാവിൽ നിന്നും പെൻഷൻ ഉറപ്പാക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യം. ഇത് ഭരണഘടനാ തലവനായ ഗവർണർ ചോദ്യം ചെയ്യുക തന്നെ ചെയ്യും.

സർക്കാറിന്‍റെ ഭാഗത്ത് തെറ്റ് വന്നതു കൊണ്ടാണല്ലൊ ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്. നയപ്രഖ്യാപനത്തിൽ ട്രഷറി ബെഞ്ച് കയ്യടിക്കാതിരുന്നത് പൊള്ളയായ കാര്യങ്ങൾ ഗവർണറെ കൊണ്ട് പറയിപ്പിച്ചതാണെന്ന് അവർക്ക് ഉറപ്പുള്ളതു കൊണ്ടാണ്. പ്രതിപക്ഷം ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്. ഗവർണർക്കെതിരെ ധർണ നടത്തുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പരസ്പരം മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്.ആർ.ഡി.എസിന് സി.പി.എമ്മുമായാണ് ബന്ധം. പഴയ എസ്.എഫ്.ഐ നേതാവാണ് കമ്പനിയുടെ തലപ്പത്തിരിക്കുന്നത്. പിണറായി വിജയനാണ് കമ്പനിയുടെ ലോഗോ പ്രകാശിപ്പിച്ചത്. തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എം.എം മണിയാണ്.

കിഴക്കമ്പലം കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് പറഞ്ഞാൽ ലോകത്ത് ആരും വിശ്വസിക്കില്ല. ഹരിപ്പാട് ആർ.എസ്.എസ് പ്രവർത്തകനും സി.പി.എം ലഹരിമാഫിയയുടെ കൊലക്കത്തിക്കിരയായി. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. ക്രമസമാധാനം പൂർണമായും തകർന്നു കഴിഞ്ഞു. ആഭ്യന്തരം വൻപരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ ആരോപിച്ചു.

Tags:    
News Summary - Both the ruling party and the opposition are violating the constitution - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.