ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍(എൻ.ജി.ടി). പിഴത്തുക ഒരു മാസത്തിനകം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറണം. ദിവസങ്ങൾ മാലിന്യം കത്തിയത് മൂലമുണ്ടായ പരിസ്ഥിതി നാശത്തിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും ഉചിതമായ പരിഹാരത്തിനായി ഈ തുക ഉപയോഗിക്കണം. തീപിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും വകുപ്പുതല നടപടികളും ചീഫ് സെക്രട്ടറി സ്വീകരിക്കണം. ഇതു രണ്ടു മാസത്തിനകം പരസ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. വെള്ളിയാഴ്ച കേസിൽ വാദം കേൾക്കവെ, സംസ്ഥാന സർക്കാറിനെതിരെ എൻ.ജി.ടി രൂക്ഷവിമർശനം നടത്തുകയും 500 കോടി രൂപ വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെ രാത്രി വൈകിയാണ് ഉത്തരവിറങ്ങിയത്.
ദേശീയ ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാർച്ച് ആറിന് എൻ.ജി.ടി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് എ.കെ. ഗോയൽ, ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ധ അംഗം ഡോ. എ. സെന്തിൽ വേൽ എന്നിവരടങ്ങിയ പ്രിൻസിപ്പൽ ബെഞ്ചിന്റേതാണ് വിധി.
ബ്രഹ്മപുരം സംഭവത്തില്‍ സര്‍ക്കാറിനും കോര്‍പറേഷനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 2016ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളുടെയും സുപ്രീംകോടതി നിര്‍ദേശങ്ങളുടെയും നഗ്നമായ ലംഘനമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ഇതിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരവധി ഉത്തരവുകളില്‍ ഒന്നുപോലും കേരളം പാലിച്ചിട്ടില്ല.കൊച്ചിയിലെ മാലിന്യം സംബന്ധിച്ചും ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ടും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരിസ്ഥിതിക വിഷയങ്ങളില്‍ നിയമവാഴ്ച ഉറപ്പാക്കുന്നത് ക്രമസമാധാനം ഉറപ്പാക്കുന്നതുപോലെ പ്രധാനമാണ്. ഉേദ്യാഗസ്ഥരുടെ കെടുകാര്യസ്ഥത ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളിയാകുന്നു. ഭാവി പദ്ധതികളെ കുറിച്ച് പറയുന്നതല്ലാതെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കുന്നതിനെ കുറിച്ച് ഇപ്പോള്‍പോലും പറയാത്ത സര്‍ക്കാര്‍ നടപടി ഖേദകരമാണെന്നും ബെഞ്ച് കുറ്റപ്പെടുത്തി.കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കാൻ ചീഫ് സെക്രട്ടറി, ഡി.ജി.പി തലത്തിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.