കാക്കനാട്: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കര്‍മപദ്ധതി നടപ്പാക്കാൻ തീരുമാനം. മൂന്നുമാസംകൊണ്ട് ഏഴിന കര്‍മ പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്.
ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തുന്നത് കുറക്കുകയാണ് ലക്ഷ്യം. പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി എം.ബി. രാജേഷ് പദ്ധതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 11ന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഏപ്രില്‍ 10നകം ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ട സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിർദേശം നല്കി. ഇത് നടപ്പാക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. ഫ്ലാറ്റുകളിലും ഗേറ്റഡ് കോളനികളിലും ഉൾപ്പെടെ പദ്ധതി നടപ്പാക്കും. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി വിജിലന്‍സ് പരിശോധയും ജനകീയ ഓഡിറ്റിങ്ങും ഉൾപ്പെടെയുള്ള സംവിധാനങ്ങളും നടപ്പാക്കും. ഉറവിട മാലിന്യ സംസ്കരണം, വാതില്‍പ്പടി സേവനം, മാലിന്യങ്ങളുടെ സംഭരണത്തിനും നിര്‍മാര്‍ജനവും ശുചിമുറി മാലിന്യ സംസ്കരണം, പൊതുസ്ഥലത്തുനിന്നുള്ള മാലിന്യം നീക്കംചെയ്യല്‍ തുടങ്ങിയവയാണ് കര്മപദ്ധതിയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 13 മുതൽ കർമപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി അടിയന്തര കൗൺസിൽ യോഗങ്ങൾ ചേരും. തുടർന്ന് മുഴുവൻ വീടുകളിലും നോട്ടീസ് എത്തിക്കും. മാർച്ച് 14 മുതൽ 16വരെ എല്ലാ വീടുകളിലുമെത്തി ബോധവത്കരണം നടത്തും. എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണത്തിനുള്ള സൗകര്യമില്ലെന്ന് മാർച്ച് 17നകം റിപ്പോർട്ട് നൽകണം. ഇവർക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ അതത് തദ്ദേശസ്ഥാപനങ്ങൾ നൽകണം.
ഏപ്രിൽ 10ന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഏപ്രിൽ 12 മുതൽ 15 വരെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ഫീൽഡ് തലത്തിൽ ചെന്ന് പരിശോധന നടത്തണം. ഏപ്രിൽ 30നകം വിജിലൻസ് സ്ക്വാഡുകളിലും പരിശോധന പൂർത്തിയാക്കണം.
ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹരിതകർമ സേനയുടെ പ്രവർത്തനം ഇല്ലാത്ത വാർഡുകളുടെ കണക്കുകൾ വെള്ളിയാഴ്ച തന്നെ ബന്ധപ്പെട്ട അധികൃതർക്ക് നൽകണം. കുടുംബശ്രീ വഴി ഒഴിവുകൾ നികത്തണം. മാർച്ച് 25നകം എല്ലാ വാർഡുകളിലും കുറഞ്ഞത് രണ്ടുപേർ വീതം ഹരിതകർമ സേനയിൽ ഉണ്ടെന്ന് ഉറപ്പാക്കണം. ഏപ്രിൽ ഒന്നുമുതൽ എല്ലാ വാർഡുകളിലും ഹരിതകർമ സേനയുടെ പ്രവർത്തനം സജീവമാകണം. മേയ് ഒന്നോടെ 100 ശതമാനം തരംതിരിച്ച മാലിന്യങ്ങളും ഹരിതകർമ സേന വഴി വേണം ശേഖരിക്കാൻ.
മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുള്ള കലക്ഷൻ സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തരമായി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണം. ഇത്തരം പ്രദേശങ്ങളിൽ മാർച്ച് 31നകം താൽക്കാലിക കലക്ഷൻ സെന്ററുകൾ ഒരുക്കണം. മാലിന്യം അളക്കുന്നതിനുള്ള ത്രാസ്, തരംതിരിച്ച് കയറ്റിവിടുന്ന മാലിന്യത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ സജ്ജമായിരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യം എവിടേക്ക് കൊണ്ടുപോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കണം.
ശുചിമുറി മാലിന്യം കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം. ഇവ മാലിന്യ സംസ്കരണ പ്ലാന്റിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് ഉപയോഗിക്കുന്ന ലോറികളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണം. വലിയതോതിൽ ശുചിമുറി മാലിന്യം കാരണമാകുന്ന ഫ്ലാറ്റുകൾ അപ്പാർട്ട്മെന്റുകൾ തുടങ്ങിയവക്ക് മാലിന്യ സംസ്കരണത്തിനുള്ള സൗകര്യം ഏർപ്പെടുത്താൻ ജൂൺ 30വരെ സമയം നൽകിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കാൻ മേയ് ഒന്നു മുതൽ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കും. ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, റെസി. അസോസിയേഷനുകൾ, യുവജന ക്ലബുകൾ, എന്നിവയുമായി സഹകരിച്ചാകും പ്രവർത്തനങ്ങൾ. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ട്സ്പോട്ടുകൾ കണ്ടെത്തും. ഇതിനായി വാർഡുകളിലും 50 വളന്റിയർമാർ വീതമുള്ള രണ്ട് ക്ലസ്റ്ററുകൾ രൂപവത്കരിക്കും. മേയ് 11 മുതൽ 20 വരെയാണ് ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുക.
കർമപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലതലത്തിലും പ്രാദേശിക തലത്തിലും വാർ റൂമുകൾ സജ്ജമാക്കും. കലക്ടറേറ്റിൽ രൂപവത്കരിക്കുന്ന ജില്ലതല എംപവർ കമ്മിറ്റിക്ക് സ്വതന്ത്രമായ അധികാരം നൽകും.കലക്ടറാകും ഈ കമ്മിറ്റിയുടെ നോഡൽ ഓഫിസർ. ഇതിനുപുറമേ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പ്രാദേശിക അടിസ്ഥാനത്തിലുള്ള വാർ റൂമുകളും ഒരുക്കും.പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി എല്ലാ ആഴ്ചകളിലും തദ്ദേശ സ്ഥാപനങ്ങളിൽ കൗൺസിൽ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.