മുലയൂട്ടൽ അമ്മയുടെയും കുഞ്ഞിന്‍റെയും മൗലികാവകാശം -ഹൈകോടതി

കൊച്ചി: മുലയൂട്ടൽ അമ്മയുടെയും മൂലയൂട്ടപ്പെടൽ കുഞ്ഞിന്‍റെയും മൗലികാവകാശത്തിന്‍റെ ഭാഗമാണെന്ന് ഹൈകോടതി. ഈ അവകാശം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. ഒരു വയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറാൻ ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമ സമിതിയുടെ ഉത്തരവ് റദ്ദാക്കിയാണ് നിരീക്ഷണം. അമ്മയുടെ കരുതലും സ്നേഹവും സാന്ത്വനവും കുഞ്ഞിന് ഒരുമാസമായി നഷ്ടമായിരിക്കുകയാണെന്നും ഈ നിർണായക കാര്യങ്ങൾ പരിഗണിക്കുന്നതിൽ ശിശുക്ഷേമ സമിതി പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. ഭർത്താവല്ലാതെ മറ്റൊരാളുടെ കൂടെയാണ് കുട്ടിയുടെ മാതാവ് ജീവിക്കുന്നതെന്നത് സമിതി പരിഗണിക്കേണ്ട കാര്യമല്ല. ധാർമിക തീരുമാനങ്ങൾ ഇത്തരം കേസുകളിൽ അന്വേഷണത്തിന്‍റെ ലക്ഷ്യത്തെതന്നെ തോൽപിക്കും. കുട്ടിയുടെ താൽപര്യം മാത്രമായിരിക്കണം ലക്ഷ്യം.

2019ൽ വിവാഹിതയായ യുവതിക്ക് കഴിഞ്ഞ വർഷമാണ് കുട്ടിയുണ്ടായത്. ഇതിനുശേഷം ശാരീരിക-മാനസിക പീഡനം ആരോപിച്ച് ഇവർ ഭർത്താവിൽനിന്ന് അകന്ന് സ്വന്തം വീട്ടിലേക്ക്​ പോവുകയും ഭർതൃമാതാവിന്‍റെ രണ്ടാം ഭർത്താവിനൊപ്പം താമസം തുടങ്ങുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ പരാതിയിലാണ് കുട്ടിയെ പിതാവിനൊപ്പം വിടാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. തുടർന്നാണ് കുട്ടിയെ വിട്ടുകിട്ടാൻ യുവതി കോടതിയെ സമീപിച്ചത്.

കരുതലും സാന്ത്വനവും കുട്ടിക്ക്​ നൽകാനുള്ള മാതാവിന്‍റെ അവകാശത്തിന്‍റെയും മുലയൂട്ടപ്പെടാനും സ്നേഹിക്കപ്പെടാനുമുള്ള കുട്ടിയുടെയും അവകാശത്തിന്‍റെയും ലംഘനമാണിതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. അംഗങ്ങളുടെ ധാർമിക വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലല്ല, നിയമപരമായ ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് സമിതി തീരുമാനമെടുക്കേണ്ടതെന്നും വാദിച്ചു. തുടർന്നാണ് ഇതേ അഭിപ്രായം കോടതിയും പ്രകടിപ്പിച്ചത്. കുട്ടിയെ ഉടൻ കൈമാറാൻ ഉത്തരവിട്ട കോടതി, ഇക്കാര്യം ഉറപ്പാക്കാൻ കുമളി സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് നിർദേശവും നൽകി.

Tags:    
News Summary - Breastfeeding is a fundamental right of mother and child - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.