മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ കൈക്കൂലി: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള വസ്തുക്കളുമായി പിടികൂടിയ യുവാക്കളെ കൈക്കൂലി വാങ്ങി വിട്ടയച്ച പരാതിയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പ്രിവന്റിവ് ഓഫിസര്‍മാരായ പി.കെ. പ്രഭാകരന്‍, കെ.വി. ഷാജിമോന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.കെ. സുധീഷ് എന്നിവരെയാണ് എക്സൈസ് കമീഷണര്‍ സസ്പെൻഡ് ചെയ്തത്.

ജില്ല പൊലീസ് മേധാവിയുടെയും വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്ത് എക്സൈസ് കമീഷണർ ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതിനാലാണ് കുറ്റാരോപിതരെ സർവിസിൽനിന്ന് മാറ്റിനിർത്തുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.

കോഴിക്കോട് സ്വദേശികളായ യുവാക്കളുടെ കാറില്‍ നിന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ബുധനാഴ്ച മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗ്ലാസ് പൈപ്പ് പിടികൂടിയത്. തുടര്‍ന്ന് 8000 രൂപ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. ഇവർ മയക്കുമരുന്ന് ഉപയോഗിച്ചശേഷമാണ് ബംഗളൂരുവിൽനിന്ന് തിരികെ എത്തിയതെന്നാണ് ആരോപണം.

എക്സൈസ് ചെക്പോസ്റ്റ് കടന്നശേഷം യുവാക്കൾ പൊലീസ് എയ്ഡ് പോസ്റ്റിൽവെച്ചാണ് പിടിയിലായത്. തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം, യുവാക്കളെ കൈക്കൂലി വാങ്ങി കടത്തിവിട്ടെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം.

Tags:    
News Summary - Bribery at Muthanga Excise Check Post: Three officials suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.