തിരുവനന്തപുരം: സബ് ജില്ല കലോത്സവത്തിൽ നൃത്ത ഇനങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകാൻ അരലക്ഷം രൂപ വരെ ഇടനിലക്കാർ കോഴയായി ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്. തിരുവനന്തപുരം കണിയാപുരം സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെടുന്നതാണ് സന്ദേശം. കേരള നടനം, മോഹിനിയാട്ടം വിഭാഗങ്ങളിൽ 50,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. വിദ്യാർഥികളുമായി കലോത്സവത്തിനെത്തിയ സ്മിത ശ്രീ എന്ന നൃത്താധ്യാപികയെയാണ് ഇടനിലക്കാർ സമീപിച്ചത്. തിരുവനന്തപുരത്തെ ഒരു നൃത്താധ്യാപകൻ, കൊല്ലത്തെ മേക്കപ് ആർട്ടിസ്റ്റ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് അധ്യാപിക പറയുന്നു.
40,000 കൊടുക്കുകയാണെങ്കിൽ കേരള നടനത്തിന് രണ്ടാംസ്ഥാനം തരാമെന്ന് പറഞ്ഞാണ് സ്മിതശ്രീയെ ഇടനിലക്കാര്‍ വിളിച്ചത്. ‘പൈസ കൊടുത്താൽ കുട്ടികൾക്ക് സമ്മാനം കിട്ടും, അവരുടെ ജഡ്ജ്മെന്റാണ് അവിടെ നടക്കുന്നത്. 50,000 തന്നാല്‍ കേരളനടനത്തിന് മാത്രമല്ല, മോഹിനിയാട്ടത്തിനും തരാമെന്നും പറഞ്ഞു. എന്നാൽ പിന്നീട് വിളിച്ച് മോഹിനിയാട്ടം മറ്റൊരു വിദ്യാർഥിക്കായി പിടിച്ചെന്നും കേരള നടനത്തിന് സമ്മാനം നൽകാമെന്നും ഇതിനായി 40,000 രൂപ വേണമെന്നും ഇടനിലക്കാർ ആവശ്യപ്പെട്ടതായും സ്മിതശ്രീ പറയുന്നു. 25000 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും ഇടനിലക്കാർ സമ്മതിച്ചില്ലെന്നും അധ്യാപിക പറയുന്നു. ജില്ല കലോത്സവം ആറ്റിങ്ങലിൽ നടക്കുന്നതിനിടെയാണ് സബ്ജില്ല കലോത്സവ സമയത്തെ ശബ്ദരേഖ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.