എറണാകുളം: ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയെന്ന കേസിൽപ്പെട്ട അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു. അസോസിയേഷൻ സെക്രട്ടറിക്ക് കൈമാറിയ അഡ്വ. സൈബി ജോസിന്‍റെ രാജിക്കത്ത് നിർവാഹകസമിതിയോഗം അംഗീകരിച്ചു. ജനുവരി ഒന്നിനാണ് സൈബി പ്രസിഡന്‍റായി ചുമതലയേറ്റത്.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്‌ഖ് ദർവേശ് സാഹിബിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്.
ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന് നൽകാനെന്ന പേരിൽ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നൽകാൻ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാന് നൽകാനെന്നുപറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് ഹൈകോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയതായി ഹൈകോടതി വിജിലൻസ് രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ പരാതിയെ തുടർന്ന് ചീഫ് ജസ്റ്റിസിന്‍റെ നിർദേശ പ്രകാരമാണ് വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തിയത്.
ജഡ്ജിമാരുടെ പേരിൽ വൻതുക കൈക്കൂലി വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈകോടതിയെ സമീപിച്ചിരുന്നു. നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസും റദ്ദാക്കണമെന്നാണ് ആവശ്യം.
സൈബിക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചെങ്കിലും ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന ഉദ്ദേശ്യത്തോടെ പണം വാങ്ങിയെന്ന തരത്തിൽ ഇതിൽ തിരുത്ത് വരുത്താൻ പിന്നീട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കേസ് റദ്ദാക്കാൻ സൈബി കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.