കോഴിക്കോട്: സ്ത്രീകൾക്കെതിരെ അക്രമങ്ങളുണ്ടാകുമ്പോൾ എതിർവശത്തുള്ളത് ആരായാലും മുഖംനോക്കാതെ ശക്തമായ നടപടിയാണ് ഇടതു പാർട്ടിയും സർക്കാറും സ്വീകരിക്കുകയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇടതുപക്ഷം ഭരിക്കുന്ന ഒരിടത്തും സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ ലഭിച്ച പരാതിയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കുറ്റം ആരു ചെയ്താലും ഇരക്ക് നീതി ഉറപ്പാക്കാൻ വേണ്ടി നിൽക്കും. എന്നാൽ, ഇത്തരം പരാതികൾ ഉയർത്തിക്കാട്ടിയും കഥകൾ മെനഞ്ഞും ഇടതു പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിൽ പ്രളയം രൂക്ഷമായ സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വിഷം പടർത്തുകയായിരുന്നു. അമിത് ഷാ ഉൾപ്പെടെ ആർ.എസ്.എസ് നേതാക്കൾ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കണ്ടുപഠിക്കണം. അവരിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമുണ്ട്. എന്നാൽ, അവരാരും ആളുകളെ രക്ഷിക്കുമ്പോൾ നിങ്ങൾ ഹിന്ദുവാണോ മുസ്ലിമാണോ എന്നു ചോദിച്ചില്ല. ഇന്ത്യയെ എങ്ങനെ നിർമിക്കണമെന്ന് അമിത് ഷാ മത്സ്യത്തൊഴിലാളികളിൽനിന്ന് പഠിക്കണം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. മോദി സർക്കാർ പോക്കറ്റടി സർക്കാർ ആയി മാറിയെന്നും വൃന്ദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.