കോഴിക്കോട്: 1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട നിർണായക ബ്രിട്ടീഷ് രഹസ്യ രേഖകൾ കണ്ടെടുത്തു. ഒരു ചരിത്ര പുസ്തകത്തിലും പഠനത്തിലും ഇടംപിടിക്കാത്ത ബ്രിട്ടീഷ് ക്യാബിനറ്റിെൻറ രേഖകൾ ലണ്ടനിലെ ആർകൈവ്സിൽ നിന്നാണ് ലഭിച്ചത്. തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ ഇൗ രേഖകളുടെ മൊഴിമാറ്റവും പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയിഡ് ജോർജിെൻറ (1919 ജനുവരി –1922 ഒക്ടോബർ) മന്ത്രിസഭ അംഗവും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയായി ചുമതല വഹിക്കുകയുംചെയ്ത എഡ്വിൻ സാമുവൽ മൊണ്ടാഗു കാബിനറ്റ് സഹപ്രവർത്തകർക്കായി രഹസ്യമായി അച്ചടിച്ച് വി തരണംചെയ്തതാണ് കണ്ടെടുത്ത രേഖകൾ.1921 ആഗസ്റ്റ് മുതൽ 1922 മാർച്ച് വരെ 17 തവണയാണ് 'മാപ്പിള ലഹളകൾ' എന്ന തലക്കെട്ടിൽ അച്ചടിച്ച രൂപത്തിൽ 51 പേജുകളുള്ള റിപ്പോർട്ടുകൾ വിതരണംചെയ്തിട്ടുള്ളത്.
ഈ രേഖകൾ കൂടുതൽ ആധികാരികമാകുന്നത് ഇന്ത്യയിൽനിന്ന് വൈേസ്രായി അയച്ചുവെന്നത് കൊണ്ട് കൂടിയാണ് 1921 ആഗസ്റ്റ് 22ലെ സംഭവങ്ങൾ പറഞ്ഞ് ആരംഭിക്കുന്ന രേഖകൾ 1922 ഫെബ്രുവരി 28ലെ സ്ഥിതിഗതികൾ വ്യക്തമാക്കി അവസാനിപ്പിക്കുന്നു. മലബാറിലെയോ മദ്രാസിലെയോ അധികാരികൾക്ക് ലഭ്യമല്ലാത്ത ഉന്നതതലത്തിലെ ഔദ്യോഗിക നീക്കങ്ങളും നടപടികളും ഇതിലുണ്ട്. അതുപോലെ വൈേസ്രായി തലത്തിലുള്ള ആകുലതകളും ചിന്തകളും പദ്ധതി ആസൂത്രണവും കണ്ടെടുത്ത രേഖകളിൽ വായിക്കാം.
1922ഫെബ്രുവരി വരെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം, തടവിലാക്കപ്പെട്ടവരുടെ എണ്ണം, വധശിക്ഷക്ക് വിധേയരാക്കപ്പെട്ടവരുടെ എണ്ണം, വാഗൺ കൂട്ടക്കൊലയോടും അന്വേഷണ റിേപ്പാർട്ടിനോടും എടുത്ത സമീപനം എന്നിവയും രേഖയിലുണ്ട്.
ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിലെ ചർച്ചകൾ, ബ്രിട്ടീഷ് സർക്കാർ പ്രസിദ്ധീകരിച്ച 1918 മുതൽ 1930 വരെയുള്ള മദ്രാസ് പ്രസിഡൻസി അഡ്മിനിസ്േട്രഷൻ റിപ്പോർട്ടുകൾ എന്നിവയെയും അടിസ്ഥാനമാക്കിയ പഠനത്തിൽ കണ്ണൂർ ജയിലിൽ 1921 ഡിസംബറിൽ 10 തടവുകാരെ വെടിവച്ചുകൊന്നതുപോലുള്ള സംഭവങ്ങൾ ആദ്യമായി വെളിച്ചത്തുകൊണ്ടുവരുന്നു. തടവറയിൽ കൊല്ലപ്പെട്ട 300 ലേറെ മാപ്പിളമാരുടെ വിവരം, ആൻഡമാനിലേക്ക് നാടുകടത്തിയവരുടെ എണ്ണം, സ്ഥിതി എന്നിവ കൂടാതെ കലാപത്തിനുശേഷം മലബാറിലെ 10 വർഷത്തെ അവസ്ഥകൾ കൂടി വിവരിക്കുന്നു.
കണ്ടെടുത്ത രേഖകളുടെ മൊഴിമാറ്റം അടങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പ് തിങ്കളാഴ്ച വിപണിയിലെത്തും. മാധ്യമം ഒാൺലൈനിലൂടെ ഇ^കോപ്പിയും സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.