കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കെതിരെ ക്രുരമായ ആക്രമണം. കോഴിക്കോട് നോർത്ത് ബീച്ചിൽവെച്ച് ബുധനാഴ്ച വൈകീട്ടാണ് സംഭവം. സംഘപരിവാർ പ്രവർത്തകനാണ് ആക്രമിച്ചതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ ഒപ്പിടാൻ വെള്ളിമാട്കുന്നിലെ ലോ കോളജിൽ നിന്ന് കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകൾക്കൊപ്പം കാറിൽ ബീച്ചിന് സമീപമെത്തിയപ്പോഴാണ് സംഭവം.
അഭിഭാഷകൻ സ്ഥലത്തില്ലാത്തതിനാൽ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് കുറച്ചാളുകൾ ഇവരുടെ കാർ തടഞ്ഞത്. കൂടുതൽ പ്രശ്നങ്ങളുണ്ടാകരുതെന്ന് കരുതി കൂടെയുണ്ടായിരുന്ന സ്ത്രീകളെ ബിന്ദു അമ്മിണി പറഞ്ഞയച്ചു. പിന്നീട് അക്രമികൾ ബിന്ദുവിന് നേരെ തിരിഞ്ഞു. ഒരാൾ അതിക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിനിടെ മുണ്ട് അഴിഞ്ഞുപോയിട്ടും അക്രമി പിന്മാറിയില്ല. ഫുട്പാത്തിന് സമിപത്തേക്ക് തള്ളിയിട്ടതോടെ ബിന്ദു അമ്മണിയുടെ തല കോൺക്രീറ്റ് സ്ലാബിനിടിച്ചു. കഴുത്തിൽ പിടിച്ച് ഞെരിക്കുകയും ചെയ്തു.
ഇൗ സംഭവങ്ങൾ സമീപത്തുള്ള ഒരാൾ മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് വെള്ളയിൽ പൊലീസിൽ പരാതി നൽകി. ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമിക്ക് പരിക്കില്ലെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിന് ശേഷം താൻ വീട്ടിലേക്ക് തിരിച്ചുപോവുകയാണെന്ന് ബിന്ദു അമ്മിണി 'മാധ്യമ'ത്തോട് പറഞ്ഞു.
ശബരിമലയിൽ ദർശനം നടത്തിയതിന് ശേഷം നിരവധി തവണ ബിന്ദു അമ്മിണിക്കെതിരെ സംഘപരിവാറിന്‍റെ ആക്രമണമുണ്ടായിരുന്നു. കൊച്ചിയിൽ വെച്ച് ഒരാൾ മുളകുവെള്ളം കണ്ണിലൊഴിച്ചിരുന്നു. ഒരു മാസം മുമ്പ് കൊയിലാണ്ടിയിൽ ഓട്ടോ മനപൂർവം ഇടിപ്പിച്ചതിനെ തുടർന്ന് മൂക്കിന് പരിക്കേറ്റിരുന്നു. നിരന്തരമായ ആക്രമണമുണ്ടായിട്ടും പൊലീസ് കാര്യമായ നടപടിയെടുക്കുന്നില്ലെന്നും ബിന്ദു അമ്മിണിക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.