ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്‍റെ മുതിർന്ന നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊൽക്കത്തയിലെ വീട്ടിൽ രാവിലെ 9.30ഓടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ചുകാലമായി പൊതുപ്രവർത്തനത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. 

രണ്ട് തവണയായി 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1944ൽ നോർത്ത് കൊൽക്കത്തയിലാണ് ജനനം. 1966ലാണ് ബുദ്ധദേവ്‌ ഭട്ടാചാര്യ സി.പി.എം അംഗമായി പ്രവർത്തനം തുടങ്ങിയത്. 1968ൽ ഡി.വൈ.എഫ്‌.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971ൽ സി.പി.എം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന്‌ 1982ൽ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1985ൽ കേന്ദ്ര കമ്മിറ്റിയിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും 2000ൽ പോളിറ്റ്‌ ബ്യൂറോ അംഗമാവുകയും ചെയ്‌തു.

1977ൽ പശ്ചിമ ബംഗാളിൽ ഇൻഫർമേഷൻ ആന്റ്‌ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പ്‌ മന്ത്രിയായിരുന്നു. 1987-ൽ ഇൻഫർമേഷൻ ആന്റ്‌ കൾച്ചറൽ അഫയേഴ്സ് മന്ത്രിയായി. തുടർന്ന്‌ 1996ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999ൽ ഉപ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. 

2007ലെ നന്ദിഗ്രാം വെടിവെപ്പ് സമയത്ത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ ഇതിന്‍റെ പേരിൽ ഏറെ വിമർശനങ്ങൾക്ക് വിധേയനായി. നന്ദിഗ്രാമിൽ സമരക്കാർക്ക് നേരെ നടന്ന പൊലീസ്‌ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമായി നന്ദിഗ്രാമിൽ കർഷക ഭൂമി കുത്തക മുതലാളിമാർക്ക് വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി പതിച്ചു നൽകിയ നടപടി വൻ പ്രതിഷേധങ്ങൾക്കിടയാക്കി.

മീര ഭട്ടാചാര്യയാണ് ഭാര്യ. മകൻ: സുചേതൻ ഭട്ടാചാര്യ. ലളിതമായ ജീവിതശൈലി പിന്തുടർന്നയാളായിരുന്നു ബുദ്ധദേബ്. തുറന്ന നയങ്ങളും ബുദ്ധദേബിന്‍റെ പ്രത്യേകതയായിരുന്നു. എന്നാൽ, സിംഗൂർ പ്രക്ഷോഭവും നന്ദിഗ്രാം വെടിവെപ്പും ബുദ്ധദേബിന്‍റെ ജീവിതത്തിലെ കറുത്ത പാടായി. പശ്ചിമബംഗാളിൽ 34 വർഷം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമാകാൻ ഈ സംഭവങ്ങൾ കാരണമായെന്നാണ് വിലയിരുത്തൽ. 

Tags:    
News Summary - Buddhadeb Bhattacharjee passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.