ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്ക് വിമർശനവുമായി മദ്രാസ് ഹൈകോടതി. അധികാരത്തിലിരിക്കുന്നവർ കൂടുതൽ ബോധം കാട്ടണമെന്നും പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധാലുക്കളാകണമെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശോഭ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ശോഭ കരന്ത്‍ലാജെ വാർത്താസമ്മേളനം വിളിച്ച് തന്‍റെ പ്രസ്താവനയിൽ പരസ്യമായി മാപ്പ് പറയുകയാണെങ്കിൽ കേസ് റദ്ദാക്കുന്നതിനെ എതിർക്കില്ലെന്ന് തമിഴ്നാട് സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. മാപ്പപേക്ഷയുടെ കരട് രൂപവും സമർപ്പിച്ചു.
ഇതേത്തുടർന്ന്, മാപ്പപേക്ഷ നടത്തുമോയെന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ കോടതി ശോഭ കരന്ത്‍ലാജെക്ക് 10 ദിവസം അനുവദിച്ചു. മാപ്പപേക്ഷിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകാമെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചെങ്കിലും വാർത്താസമ്മേളനം നടത്തി പറയുന്നതാണ് കൂടുതൽ അനുയോജ്യമെന്ന് കോടതി നിർദേശിച്ചു.
മാർച്ച് ഒന്നിന് ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. കഫേയിലെ സ്ഫോടനത്തിനു പിന്നിൽ തമിഴ്നാട്ടിൽ നിന്ന് വന്നവരാണെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കേരളത്തിൽനിന്ന് എത്തിയവർ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്ന പ്രസ്താവനയും ഇവർ നടത്തിയിരുന്നു.
ശോഭയുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടിൽ വ്യാപക വിമർശനം ഉയർന്നു. ഇതോടെ പ്രസ്താവന പിൻവലിച്ച് ഇവർ മാപ്പുപറഞ്ഞു. എന്നാൽ, ത്യാഗരാജൻ എന്ന വ്യക്തി മധുരൈ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ശോഭക്കെതിരെ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.