തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നവീകരണത്തിനും പുനരുജ്ജീവനത്തിനുമെന്ന ആമുഖത്തോടെ ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടി ഫലത്തിൽ ശമ്പള-പെൻഷൻ ഫണ്ട്. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്തു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിമാസം പെൻഷൻ വിതരണത്തിനുള്ള 65 കോടി രൂപ ഈ ബജറ്റ് വിഹിതത്തിൽ നിന്നാണ് ചെലവഴിക്കുന്നത്. അതുതന്നെ സഹകരണ ബാങ്കുകളുടെ കൺസോർട്യം വഴിയാണ് നൽകുന്നതും.
ഫലത്തിൽ 1000 കോടിയിൽ 790 കോടിയോളം പെൻഷൻ ഇനത്തിലും ഈ ഇനത്തിലെ സഹകരണ ബാങ്കുകൾക്കുള്ള പലിശ ഇനത്തിലും തീരും. മാസം ശമ്പളം നൽകാനുള്ള തുക തികക്കാനും ഈ തുകയിൽനിന്നണ് പണമനുവദിക്കുന്നത്. ശേഷിക്കുന്ന തുകയിൽ നിന്നാണ് പുതിയ ബസ് നിരത്തിലിറക്കലും നവീകരണവുമടക്കം നിർവഹിക്കേണ്ടത്. മുൻ ബജറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഇന്റലിജൻസ് മാനേജ്മെന്റ് സിസ്റ്റം, ഡിപ്പോ നവീകരണം എന്നിവക്ക് 30 കോടി അനുവദിച്ചതാണ് നേരിയ ആശ്വാസം.
പുതിയ ബസ് വാങ്ങുന്നതിനെക്കുറിച്ച് ബജറ്റിൽ പരാമർശമേയില്ല. ആറ് വർഷത്തിനിടെ ആകെ വാങ്ങിയത് സി.എൻ.ജിയടക്കം 102 ബസാണ്. വി.എസ് സർക്കാറിന്റെ കാലയളവിൽ 3750 ഉം യു.ഡി.എഫ് കാലത്ത് 2800ഉം ബസ് നിരത്തിലിറങ്ങിയ സാഹചര്യത്തിലാണിത്.
നിലവിൽ ദീർഘദൂര സർവിസുകളെല്ലാം പത്ത് വർഷം വരെ പഴക്കമുള്ളവയാണ്. ശബരിമല സീസണിൽ പുതിയ 100 ബസിറക്കുകയും തീർഥാടനകാലം കഴിയുന്ന മുറക്ക് മറ്റ് റൂട്ടുകളിലേക്ക് വിന്യസിക്കുകയും ചെയ്യുന്ന പതിവ് നിലച്ചിട്ടും വർഷങ്ങളായി. സ്വന്തമായി ബസ് വാങ്ങുന്നതിന് പകരം വാടകക്കെടുക്കാനാണ് ഇപ്പോൾ നീക്കം.
250 ബസ് വാടകക്കെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇന്ധനകാര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിനും കൈത്താങ്ങേകുന്ന പ്രഖ്യാപനമൊന്നുമില്ല. ജലഅതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും നാല് ശതമാനം മാത്രം നികുതിയുള്ളപ്പോൾ കെ.എസ്.ആർ.ടി.സിക്ക് 27 ശതമാനമാണ്.
പെൻഷൻ സഹകരണ കൺസോർട്യം വഴി നൽകുന്നതിന് പകരം നേരിട്ട് നൽകണമെന്ന ആവശ്യം ശക്തമായുണ്ടെങ്കിലും സർക്കാർ മുഖംതിരിക്കുകയാണ്. പെൻഷൻ വിതരണത്തിന് പ്രതിമാസം നൽകുന്ന തുകക്ക് 8.5 ശതമാനം പലിശയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.