കോട്ടയം: കരുതൽ മേഖല സംബന്ധിച്ച പരാതി നൽകാനുള്ള സമയം നീട്ടണമെന്ന് ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയോട്. എന്നാൽ, സമയപരിധി നീട്ടില്ലെന്ന് മറുപടി നൽകിയത് വനംമന്ത്രി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നിർണായക സ്വാധീനമുള്ള മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ സർക്കാറിന്റെ നിരുത്തരവാദപരമായ നടപടി പാർട്ടി നേതാക്കളെ ക്ഷുഭിതരാക്കുന്നു.
കരുതൽ മേഖല സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിനു തൊട്ടുപിന്നാലെ ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ വനം വകുപ്പിനെ മാത്രം ഏൽപിച്ചാൽ ജനവിരുദ്ധമാകുമെന്നും പശ്ചിമഘട്ട മേഖലയിൽ ഏറെ വോട്ടർമാരുള്ള തങ്ങളുടെ പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ചെയർമാൻ ജോസ് കെ. മാണി എം.പി മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. സുപ്രീംകോടതി നിർദേശിച്ച ഉപഗ്രഹ സർവേക്ക് വനം വകുപ്പിൽനിന്നാണ് ആദ്യഘട്ടത്തിൽ തടസ്സങ്ങളുയർന്നത്. ഉപഗ്രഹ സർവേ പരമാവധി താമസിപ്പിക്കുകയെന്നതായിരുന്നു വനം വകുപ്പിന്റെ നിലപാട്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ടാണ് കാര്യങ്ങൾ വേഗത്തിലാക്കിയത്. എന്നിട്ടും കാര്യങ്ങൾ ശരിയായ രീതിയിലല്ല നീങ്ങുന്നതെന്നു ബോധ്യമായതോടെ ജോസ് കെ. മാണി 2022 ആഗസ്റ്റ് 12ന് മുഖ്യമന്ത്രിക്കു നേരിട്ടു കത്തു നൽകി. തുടർനടപടികൾ വനം വകുപ്പിനെ മാത്രം ഏൽപിക്കരുതെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി രൂപവത്കരിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, ഇത് അട്ടിമറിച്ച് റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സമിതിയുണ്ടാക്കുകയാണ് വനം വകുപ്പ് ചെയ്തത്. പഞ്ചായത്തുതല കമ്മിറ്റി രൂപവത്കരിക്കണമെന്ന ജോസ് കെ. മാണിയുടെ നിർദേശവും വനം മന്ത്രി അംഗീകരിച്ചില്ല. അതിനുശേഷമാണ് ഡിസംബർ 12, 22, 28 തീയതികളിൽ വ്യത്യസ്ത മാപ്പുകൾ പ്രസിദ്ധീകരിച്ച് ഭരണമുന്നണിയെ പ്രതിസന്ധിയിലാക്കിയത്.
ഉപഗ്രഹ സർവേ ശരിയായ ദിശയിലല്ല മുന്നേറുന്നതെന്നും പ്രസിദ്ധീകരിച്ച മൂന്നു മാപ്പിലും തെറ്റുണ്ടെന്നും തെളിവുസഹിതം ജോസ് കെ. മാണി മുഖ്യമന്ത്രിയുടെ ഓഫിസിനെ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ മൂന്നുതവണ അറിയിച്ചിരുന്നു. ജനങ്ങളുയർത്തുന്ന പ്രതിരോധത്തിന്റെ ഭാഗമായി കരുതൽ മേഖലയിൽ വേരോട്ടമുള്ള രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പരാതി നൽകാനുള്ള സമയം നീട്ടി നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് മാണി ഗ്രൂപ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വനം മന്ത്രിയോടല്ല, മുഖ്യമന്ത്രിയോടാണ് സമയം നീട്ടാൻ ആവശ്യപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രിയല്ല വനം മന്ത്രിയാണ് സമയം നീട്ടില്ല എന്ന നിലപാടെടുത്തത്. വനംവകുപ്പിൽ ലഭിച്ച പരാതികളെപ്പറ്റി പഞ്ചായത്തുതലത്തിൽ അന്വേഷിച്ചു കഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ പട്ടിക അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികളെ അറിയിച്ച ശേഷമേ സുപ്രീംകോടതിയിൽ സമർപ്പിക്കാവൂ എന്ന നിലപാടിലാണ് ജോസ് കെ. മാണി. 2022 ജൂൺ മൂന്നു മുതൽ ഡിസംബർ 12 വരെ വിഷയം വെച്ചു താമസിപ്പിക്കുകയും കൃത്യമായ മാർഗനിർദേശങ്ങൾ നൽകാതിരിക്കുകയും ചെയ്ത വനംവകുപ്പാണ് കരുതൽ മേഖല സംബന്ധിച്ച പ്രശ്നം ഇത്രമേൽ വഷളാക്കാൻ കാരണമെന്ന് മാണി ഗ്രൂപ് ആരോപിക്കുന്നു.
ഈ വിഷയത്തിലെ മേൽനടപടികളും നീക്കങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചശേഷം മതി എന്ന നിർദേശം വനം വകുപ്പിനു നൽകിയിട്ടുണ്ടെങ്കിലും മാണി ഗ്രൂപ് തൃപ്തരല്ല. തോട്ടത്തിൽ രാധാകൃഷ്ണൻ സമിതിയെ സഹായിക്കാൻ രൂപവത്കരിച്ച സാങ്കേതിക സമിതിയെ നയിക്കുന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്റെ പശ്ചാത്തലം അന്വേഷിക്കണമെന്ന ആവശ്യവും അവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.