ബഫർ സോൺ വിഷയത്തിൽ സി.പി.എം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച പ്രത്യേക യോഗം ചേരും. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടതോടെയാണ് നടപടി. ഇതേസമയം ബഫർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയും കോൺഗ്രസും സമരം ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിശദീകരണം നടത്തി പ്രതിരോധിക്കാൻ സി.പി.എം തീരുമാനിച്ചിരിക്കുകയാണ്.
ബഫർസോണിൽ സംബന്ധിച്ച് പരാതികൾ നൽകാനുളള ഹെൽപ് ഡെസ്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് തീരുമാനം വരും. യോഗത്തിൽ 88 പഞ്ചായത്ത് പ്രസിഡന്റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി പങ്കെടുക്കും. ഉപഗ്രഹ സർവേയിൽ പിഴവുകളുണ്ടെന്ന് സർക്കാർതന്നെ സമ്മതിച്ച സാഹചര്യത്തിൽ ഫീൽഡ് സർവേ കാര്യക്ഷമമായും വേഗത്തിലും നടത്താനാണ് കഴിഞ്ഞ ദിവസത്തെ ഉന്നതതലയോഗത്തിൽ ധാരണയായത്. കരുതൽ മേഖല സംബന്ധിച്ച് ഉയർന്ന പരാതികൾ പരിഹരിക്കാൻ രൂപവത്കരിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടും. ഉപഗ്രഹ സർവേ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധവും പരാതികളും ഉയരുന്ന സാഹചര്യത്തിലാണിത്. ഉപഗ്രഹസർവേ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ സുപ്രീംകോടതിയിൽ സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.