കരുതൽമേഖല: ഫീൽഡ് സർവേക്കിടയിൽ ലഭിക്കുന്ന പരാതികൾ നിരസിക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: കരുതൽമേഖലയുമായി ബന്ധപ്പെട്ട് വിട്ടുപോയ നിര്‍മിതികളെക്കുറിച്ച് പരാതി നല്‍കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചെങ്കിലും ഫീൽഡ് സർവേക്ക് എത്തുന്നവർക്ക് നൽകുന്ന പരാതികളും സ്വീകരിക്കാൻ ധാരണ. അപ്രകാരം ഞായറാഴ്ച ലഭിച്ച 2001 പരാതികളും ഉൾപ്പെടുത്താൻ തീരുമാനിച്ചു. ലഭിച്ച പരാതികളിൽ ഫീല്‍ഡ് സര്‍വേ നടപടികൾ ഒരാഴ്ചകൂടി തുടരും. ഈ സമയപരിധിക്കുള്ളിൽ നേരിട്ട് കിട്ടുന്ന പരാതികൾ നിരസിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.

ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ഇ-മെയിലിലും നേരിട്ടും ലഭിച്ച പരാതികളാണ് സ്വീകരിച്ചത്. അതിന്‍റെ അടിസ്ഥാനത്തിലുള്ള ഫീല്‍ഡ് സർവേയും ജിയോ മാപ്പിങ്ങും ഉള്‍പ്പെടെ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. സമയപരിധി അവസാനിച്ച ശനിയാഴ്ച 63,500 പരാതികളാണ് ലഭിച്ചത്. എന്നാൽ, നേരിട്ട് ഫീൽഡിൽനിന്ന് ഞായറാഴ്ച കിട്ടിയ 2001 പരാതികൾ കൂടി ഉൾപ്പെടുമ്പോൾ ഇതുവരെ 65,501ലെത്തി. നേരത്തേ ഉപഗ്രഹ സർവേയില്‍ 49,374 കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതുവരെ കരുതൽമേഖലയില്‍ 1.13 ലക്ഷം നിര്‍മിതികളുണ്ടെന്നാണ് കണക്ക്. ലഭിച്ച പരാതികളില്‍ 29,900 നിര്‍മിതികള്‍ കൂടി ഉണ്ടെന്ന് ഞായറാഴ്ചവരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതുവരെ 83,240 നിര്‍മിതികള്‍ ഈ മേഖലയിലുണ്ടെന്ന് വ്യക്തമായി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കെ.എസ്.ആർ.ഇ.സിയുടെ അസറ്റ് മാപ്പര്‍ പ്രകാരം 34,854 എണ്ണം ഇതുവരെ അപ്ലോഡ് ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസ് 11ന് പരിഗണിക്കുമെന്ന ഉറപ്പ് ഇതുവരെ സര്‍ക്കാറിന് ലഭിച്ചിട്ടില്ല. 11ന് മുമ്പ് ലഭിച്ച എല്ലാ പരാതികളിലും ഫീൽഡ് സർവേ നടത്തി പരിഹാരം കാണാനും കഴിയില്ല.

ഇതുവരെ ലഭിച്ച പരാതികള്‍: പേപ്പാറ വന്യജീവി സങ്കേതം- 15, നെയ്യാര്‍ വന്യജീവി സങ്കേതം - 4321, ശെന്തുരുണി വന്യജീവി സങ്കേതം- 1589, ആറളം, കൊട്ടിയൂര്‍- 2577, മലബാര്‍ വന്യജീവി സങ്കേതം- 5510, പീച്ചി-14,084, മംഗളവനം പക്ഷിസങ്കേതം- 66, കരിമ്പുഴ വന്യജീവി സങ്കേതം 321, മൂന്നാര്‍- 5773, ഇടുക്കി- 10,858, തട്ടേക്കാട്- 1281, പെരിയാര്‍- 4026, വയനാട്- 10,810, പറമ്പിക്കുളം- 2798, സൈലന്റ് വാലി- 1472.

Tags:    
News Summary - buffer zone: Decision not to reject complaints received during field survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.