കരുതൽ മേഖല: പരിസ്ഥിതി വകുപ്പ് ഇപ്പോഴും കാഴ്ചക്കാരന്‍റെ റോളിൽ

തിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ മുന്നോട്ട് പോകുമ്പോഴും എല്ലാം ഏകോപിപ്പിക്കേണ്ട പരിസ്ഥിതി വകുപ്പ് ഇപ്പോഴും കാഴ്ചക്കാരന്‍റെ റോളിൽ. യഥാർഥത്തിൽ കരുതൽ മേഖല വിഷയം പരിസ്ഥിതി നിയമത്തിൽ ഉൾപ്പെട്ടതാണെന്നും വനനിയമത്തിലല്ലെന്നും ഉള്ള വാദമാണ് ഉയരുന്നത്. മുഖ്യമന്ത്രിക്ക് കീഴിലെ പരിസ്ഥിതി വകുപ്പ് ഇതിന്‍റെ ഏകോപനം ഏറ്റെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഫീൽഡ് സർവേ ഉൾപ്പെടെ കാര്യങ്ങൾ വനം‌- റവന്യൂ- തദ്ദേശ വകുപ്പുകൾ സംയുക്തമായി ചെയ്യുന്നുണ്ട്. സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള ഏകോപനം അടക്കം ഒരുക്കേണ്ടിയിരുന്നത് പരിസ്ഥിതി വകുപ്പാണ്. എന്നാല്‍, ജനുവരി അഞ്ചിനകം സത്യവാങ്മൂലം സമർപ്പിക്കാൻ വനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടാണ് നിര്‍ദേശിച്ചത്.പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലയോര മേഖലയിലെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണു വനം വകുപ്പിന്റെ നടപടികളെ കാണുന്നത്.

ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ പരിസ്ഥിതി വകുപ്പ് സത്യവാങ്മൂലം തയാറാക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതായിരുന്നു നല്ലതെന്നാണ് അഭിപ്രായം.കരുതൽ മേഖല വിഷയം ഉയർന്നു വന്നപ്പോൾതന്നെ അതു കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി വകുപ്പിനോട് ചൂണ്ടിക്കാട്ടിയത് വനം വകുപ്പാണ്. പരിസ്ഥിതി വകുപ്പാണ് ഏകോപനനേതൃത്വം നല്‍കേണ്ടിയിരുന്നതെന്ന അഭിപ്രായം വനം വകുപ്പിലെതന്നെ ഒരു വിഭാഗത്തിനുമുണ്ട്.

നേരത്തേ ഇതിനെക്കുറിച്ച് പഠിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച മുന്‍ ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിക്ക് പഠനത്തിന് ആവശ്യമായ ക്രമീകരണം ഒരുക്കുന്നതില്‍ പോലും ഏകോപനമുണ്ടായില്ലെന്ന ആരോപണമുണ്ട്.ജിയോ ടാഗിങ്, തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന സാങ്കേതിക വിദഗ്ധര്‍ക്കു പരിശീലനം നല്‍കേണ്ട ചുമതല എന്നിവയും വനം വകുപ്പിനാണ് നൽകിയിട്ടുള്ളത്.

Tags:    
News Summary - buffer zone: Environment Department still in spectator role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.