കോട്ടയം: കുടിയേറ്റ കർഷകരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരുതൽ മേഖലയുടെ ഭൂപടത്തിലും വനം വകുപ്പിന്‍റെ തട്ടിപ്പ്. കർഷകരുടെ ആശങ്ക പരിഹരിക്കണമെങ്കിൽ സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖല രേഖപ്പെടുത്തിയ ശേഷമുള്ള ഭൂപടമാണ് പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തി കർഷകരുടെ ഭാഗംകൂടി കേട്ടശേഷമുള്ള റിപ്പോർട്ട് വേണം സുപ്രീംകോടതിയിൽ നൽകാൻ. 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിയും ഇങ്ങനെയാണ്. സുപ്രീംകോടതി വിധി അനുസരിച്ച് ഒരു കിലോമീറ്റർ കരുതൽ മേഖല നിർബന്ധമാണ്. അതിലുള്ള നിർമിതികളുടെ കണക്കെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. അങ്ങനെ കണക്കെടുക്കുന്നതിനാണ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റിയെ നിയമിച്ചതും.
എന്നാൽ, ഇപ്പോൾ പ്രസിദ്ധീകരിച്ച ഭൂപടം ഇത്തരത്തിലുള്ളതല്ല. ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖല ഈ മാപ്പിൽ വ്യക്തമല്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിന് കാരണം.സർക്കാർ പുറത്തുവിട്ടതടക്കം മൂന്നുതരം ഭൂപടങ്ങൾ കരുതൽ മേഖല സംബന്ധിച്ചുണ്ടായി.
ഇതിൽ ഏതാണ് ജനങ്ങളെ ബാധിക്കുന്നത് എന്ന് വ്യക്തമല്ല. ആദ്യത്തേത് ഉപഗ്രഹ സർവേക്കായി സംസ്ഥാന വനം വകുപ്പ് റിമോട്ട് സെൻസിങ് ഏജൻസിക്ക് നൽകിയതാണ്. ഇതനുസരിച്ചാണ് സർവേ നടത്തിയത്. രണ്ടാമത്തേത് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിനു കേരളം നൽകിയതും. മൂന്നാമത്തേത് ജനങ്ങൾക്കായി സർക്കാർ പുറത്തുവിട്ടതും.
കരുതൽ മേഖല ഒരു കിലോമീറ്ററായി നിജപ്പെടുത്തിയ സാഹചര്യത്തിൽ എങ്ങനെയൊക്കെയാണ് വന്യജീവി സങ്കേതത്തിന്‍റെ അതിർത്തി കിടക്കുന്നത് അവിടെനിന്നു ഒരു കിലോമീറ്റർ അകലെ അങ്ങനെതന്നെ വളഞ്ഞും പുളഞ്ഞുമായിരിക്കണം കരുതൽ മേഖലയുടെ അതിരും കിടക്കേണ്ടത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപന പ്രകാരം സർക്കാർ പുറത്തുവിട്ട ഭൂപടത്തിൽ ഈ രീതിയിലല്ല കരുതൽ മേഖല ചിത്രീകരിച്ചിരിക്കുന്നത്. വനം വകുപ്പ് മുഖ്യമന്ത്രിയെവരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഗുരുതര വീഴ്ചയാണ് ഇക്കാര്യത്തിൽ വനം വകുപ്പിന് സംഭവിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കരുതൽ മേഖല നിർണയം സംബന്ധിച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിൽ വ്യാപക പരാതി ഉയർന്നതോടെ പരിസ്ഥിതിലോല മേഖല റിപ്പോര്‍ട്ടും വനംവകുപ്പിന്‍റെ ഭൂപടവും സർക്കാർ പരസ്യപ്പെടുത്തി. 2021ല്‍ കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പി.ആർ.ഡി ഉൾപ്പെടെ സര്‍ക്കാർ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചത്. പരാതി സമർപ്പിക്കാനുള്ള അപേക്ഷയുടെ മാതൃക ഉൾപ്പെടെ വെബ്സൈറ്റിലുണ്ട്. എന്നാൽ, സാധാരണക്കാരന് ഇത് മനസ്സിലാക്കാനും വീടും ജീവിതമാർഗങ്ങളും കരുതൽ മേഖലക്ക് അകത്താണോ പുറത്താണോ എന്നറിയാനും സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ മുഖേന തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് അടക്കം പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ കെട്ടിടങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായി കാണിച്ചിട്ടുണ്ട്.
കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഓരോ മേഖലക്കും ഓരോ നിറമാണ്. പച്ച നിറമാണ് കരുതൽ മേഖല. പിങ്ക് വര വന്യജീവി സങ്കേതങ്ങളുടെ അതിരും കറുത്തവര പഞ്ചായത്ത് പ്രദേശങ്ങളുടെ അതിരും എന്ന രീതിയിലാണ്. ഇതനുസരിച്ച് 84 പഞ്ചായത്തുകളാണ് കരുതൽ മേഖല കുരുക്കില്‍.
താമസസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളും നിര്‍മാണങ്ങളും കൃഷിയിടങ്ങളും പൂര്‍ണമായി ഒഴിവാക്കിയാവും കരുതൽ മേഖല എന്നും അതനുസരിച്ചുള്ള ഭൂപടം മാത്രമേ സുപ്രീംകോടതിയില്‍ നൽകുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.
ജനുവരി ഏഴുവരെ പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. ഭൂപടം ജനങ്ങള്‍ക്കായി പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. പരാതി കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് രൂപവത്കരിച്ചിട്ടുണ്ട്. അധിക വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കും. ലഭ്യമാകുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വനംവകുപ്പ് ഭൂപടം പുതുക്കും.
പുതുക്കിയ ഭൂപടം തദ്ദേശസ്ഥാപനത്തിലെ സര്‍വകക്ഷി സമിതി പരിശോധിക്കും. പുതിയ ഭൂപടം ആയിരിക്കും സുപ്രീംകോടതിയില്‍ നല്‍കുക എന്നാണ് സര്‍ക്കാര്‍ പറയുന്നത്.വനം വകുപ്പ് കേന്ദ്രത്തിന് സമർപ്പിച്ച സംരക്ഷിത േമഖലകളുടെ ഇക്കോ സെൻസിറ്റീവ് സോൺ മാപ്പിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.