കരുതൽ മേഖല: പരാതി ഇന്നുകൂടി

തിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ശനിയാഴ്ച അവസാനിക്കാനിരിക്കെ സമയബന്ധിതമായി ഫീൽഡ് സർവേ പൂർത്തിയാക്കാനാകുമോ എന്നതിൽ ആശങ്ക. കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും കേസുകൾ 11ന് പരിഗണിക്കാനിരിക്കെ, ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഫീൽഡ് സർവേയടക്കം നടപടികൾ പൂർത്തിയാക്കാനുണ്ട്. 11ന് കേസ് പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോ എന്നും വ്യക്തമല്ല.

എന്നാൽ, 11ന് കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പരിഗണന പട്ടികയിൽ വന്നിട്ടില്ല. അന്ന് പരിഗണിച്ചില്ലെങ്കിൽ കൂടുതൽ വ്യക്തത കൊണ്ടുവരാൻ കേരളത്തിന് സമയം ലഭിക്കുമെന്ന പ്രതീക്ഷയും വനംവകുപ്പിനുണ്ട്.അതേസമയം തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ തുടങ്ങിയ ഹെൽപ് ഡെസ്ക് വഴി വെള്ളിയാഴ്ചവരെ ലഭിച്ചത് 60000 ത്തോളം പരാതികളാണ്. പരാതികള്‍ നൽകാനുള്ള സമയം ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.

പരാതികളിൽ ഏറിയപങ്കും നേരിട്ട് പരിഹരിക്കാന്‍ കഴിയാത്തവയാണെന്ന് വനം വകുപ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരുതൽ മേഖല സംബന്ധിച്ച് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തില്‍നിന്ന് വിട്ടുപോയ നിര്‍മിതികള്‍ സംബന്ധിച്ച് ലഭിച്ച പരാതികളിലാണ് തീര്‍പ്പുണ്ടാക്കിയിട്ടുള്ളത്. ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയതിന്റെ മൂന്നു മടങ്ങിലേറെ നിര്‍മിതികള്‍ കരുതൽ മേഖലയില്‍ ഉള്ളതായാണ് തുടര്‍പരിശോധനകളില്‍ വ്യക്തമായത്.

ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള നിര്‍മിതികളുടെ വിവരങ്ങള്‍ വനംവകുപ്പിന്റെ ഭൂപടത്തില്‍ കൂട്ടിച്ചേര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. എന്നാല്‍, നേരിട്ടുള്ള സ്ഥലപരിശോധന ഇന്ന് പൂര്‍ത്തിയാക്കാനുള്ള സാധ്യതയും കുറവാണ്. ഇടുക്കിപോലുള്ള ജില്ലകളില്‍ ഫീല്‍ഡ് സര്‍വേ 65 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.

സെർവർ തകരാർ നടപടികളെ ബാധിക്കുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു. ദേശീയ ഉദ്യാനങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ ഇതുവരെ കണ്ടെത്തിയത് വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം നിര്‍മിതികളുണ്ടെന്നാണ്. കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ ‘ലൊക്കേഷന്‍ മാപ്പര്‍’ ആപ് വഴി നടത്തിയ സര്‍വേയില്‍ 54000 ത്തോളം നിര്‍മിതികള്‍കൂടി കണ്ടെത്തിയിരുന്നു.

Tags:    
News Summary - buffer zone: Today is the deadline to file complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.