പാലക്കാട്: 2023 ഏപ്രിൽ 10 മുതൽ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് അടച്ചവർ നൽകിയ അധിക തുക തിരികെ നൽകുമെന്ന തദ്ദേശവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം നിയമപ്രശ്നങ്ങൾക്കിടയാക്കിയേക്കും. കേരള പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമങ്ങളിലെ വ്യവസ്ഥകൾ കാരണം പണം തിരികെ കൊടുക്കൽ സുഗമമാകാനിടയില്ല. നിയമപരവും സാങ്കേതികവും പ്രായോഗികവുമായ തടസ്സങ്ങൾ ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കെട്ടിടനിർമാണ പെർമിറ്റ് ഫീസും അപേക്ഷ ഫീസുമായി പിരിച്ചെടുത്ത തുക അതത് തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനമാകുമെന്നാണ് നിയമം. ഇത്തരത്തിൽ ലഭിച്ച തനതു ഫണ്ടിൽനിന്ന് തുക വിനിയോഗിക്കുന്നതിന് നിർദേശം നൽകാൻ സർക്കാറിന് പരിമിത അധികാരം മാത്രമേയുള്ളൂ. സർക്കാർ നിർദേശം നൽകിയാലും തുക പഞ്ചായത്ത്-മുനിസിപ്പൽ ഫണ്ടിന്റെ ഭാഗമായതിനാൽ പഞ്ചായത്തീരാജ്-മുനിസിപ്പൽ നിയമ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ വിനിയോഗിക്കാനാകൂ. അധികമായി ഈടാക്കിയ തുക റവന്യൂ റീഫണ്ടായി തിരികെ നൽകാം. പക്ഷേ, തദ്ദേശസ്ഥാപന സമിതി അതിനുള്ള അനുമതി നൽകി പ്രമേയം പാസാക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ, തുക തിരിച്ചുനൽകൽ തദ്ദേശ സമിതികളിൽ അഭിപ്രായവ്യത്യാസത്തിനും നിയമപ്രശ്നങ്ങൾക്കും ഇടയാക്കിയേക്കും. നിയമപ്രശ്നങ്ങൾ മറികടന്നാലും സാങ്കേതിക-പ്രായോഗിക തടസ്സങ്ങൾ പിന്നെയും അവശേഷിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനമായി മാറിയ തുക തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റിൽ ഉൾപ്പെടുത്തി വാർഷിക പദ്ധതി പ്രോജക്ടുകൾക്ക് വകയിരുത്തി ചെലവിട്ടുകഴിഞ്ഞു. തദ്ദേശ സ്ഥാപന അക്കൗണ്ടുകൾ സാങ്കേതികമായി ‘മൈനസ്’ ആയി മാറുന്ന അസാധാരണ സാഹചര്യത്തിൽ എത്തുകയും ഭരണപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. പുതുക്കിയ പെർമിറ്റ് ഫീസ് വഴിയുള്ള തനതുവരുമാന വർധനയിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തികവർഷം 177.9 കോടി രൂപയാണ് അധികം ലഭിച്ചത്. സംസ്ഥാന സർക്കാറിന്റെ വിവിധ ഗ്രാൻറുകൾ വെട്ടിക്കുറച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ പിടിച്ചുനിർത്തിയത് ആ തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.