കുമളി: മരണവിളിയായി നെഞ്ചുവേദന എത്തിയപ്പോഴും താൻ ഒാടിച്ച ബസിലെ മുപ്പതോളം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഡ്രൈവർ സ്റ്റാലിൻ ശ്രമിച്ചത്. വേദന കടിച്ചമർത്തി ഒരുവിധം റോഡുവക്കിലേക്ക് ബസ് അടുപ്പിച്ചതും കുഴഞ്ഞുവീണു. ആശുപത്രിയിലെത്തും മുേമ്പ മരണമെത്തി.
സംസ്ഥാന അതിർത്തിയിലെ തേനി തമ്മനംപെട്ടിയിലാണ് സംഭവം. തേനി-കുമളി റൂട്ടിൽ ഓടുന്ന ജെ.സി എന്ന സ്വകാര്യ ബസിലെ ഡ്രൈവർ പെരിയകുളം സ്വദേശി സ്റ്റാലിനാണ് (34) മരിച്ചത്. ശനിയാഴ്ച രാവിലെ 11.15ഓടെയായിരുന്നു സംഭവം.
തേനിയിൽനിന്ന് യാത്രക്കാരുമായി കേരളത്തിലേക്ക് വരുംവഴി ഗൂഡല്ലൂരിനും ലോവർ ക്യാമ്പിനുമിടയിൽ വെച്ചാണ് സ്റ്റാലിന് നെഞ്ചുവേദന കലശലായത്. ഉടൻ പണിപ്പെട്ട് ബസ് റോഡിെൻറ ഓരം ചേർത്തു. എൻജിൻ ഓഫാക്കിയതും കുഴഞ്ഞുവീഴുകയായിരുന്നു ഡ്രൈവർ.
വാഹനം കുറച്ചുദൂരം കൂടി ഓടിയിരുന്നെങ്കിൽ വളവുകൾ നിറഞ്ഞ കുമളി മലമ്പാതയിൽ പ്രവേശിക്കുമായിരുന്നു. ബസിനുള്ളിൽ തളർന്നുവീണ സ്റ്റാലിനെ യാത്രക്കാരും കണ്ടക്ടറും ചേർന്ന് കമ്പം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൗസല്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.