കൊല്ലപ്പെട്ട ബിജു ജോസഫ്
തൊടുപുഴ: വ്യാപാര പങ്കാളിത്തത്തിലെ തർക്കത്തെതുടർന്ന് ക്വട്ടേഷൻ സംഘം കൊലചെയ്ത തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിന്റെ (50) മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വീട്ടുകാർക്ക് വിട്ടുകൊടുത്തു. തലക്കകത്തേറ്റ ക്ഷതമാണ് മരണകാരണം. ബിജുവിന്റെ കഴുത്തും മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന് ജോസഫ്, ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം, കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന് കുര്യൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ രണ്ടാംപ്രതി എറണാകുളം ജില്ലയിൽ കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന പറവൂർ സ്വദേശി ആഷിക് ജോൺസണിന്റെ (27) അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. ഇയാൾക്കായി കസ്റ്റഡി അപേക്ഷയും നൽകും. കോലാനി, കലയന്താനി എന്നിവിടങ്ങളിൽ ഞായറാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ബിജുവിന്റെ ഒരു ചെരിപ്പും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.