തിരുവനന്തപുരം: അബ്ദുന്നാസിർ മഅ്ദനി ഉയർത്തിക്കൊണ്ടുവന്ന ആശയങ്ങളോട് പ്രതികരിക്കുന്നതിൽ ദാരിദ്യ്രം നേരിട്ട രാഷ്ട്രീയ ഭീരുക്കളാണ് കൊടുംചതിയിലൂടെ അദ്ദേഹത്തിെൻറ ജീവിതം തകർത്തതെന്ന് മുൻമന്ത്രിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ സി. ദിവാകരൻ. മഅ്ദനിയുടെ രണ്ടാം അറസ്റ്റിെൻറ 11ാം വാർഷിക ദിനത്തോടനുബന്ധിച്ച് കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടങ്ങൾക്കെതിരെ സാമൂഹിക നീതിക്കും ജനാധിപത്യ അവകാശങ്ങൾക്കുമായി ശബ്ദമുയർത്തുന്നവരെ ഏത് നിലക്കും ഇല്ലായ്മ ചെയ്യുകയെന്ന ഫാഷിസ്റ്റ് ശൈലിയാണ് മഅ്ദനിയുടെ കാര്യത്തിലും ആവർത്തിച്ചത്. എതിർ ശബ്ദത്തിെൻറ വായ മൂടാൻ ബ്രിട്ടീഷുകാരൻ സ്വീകരിച്ച നയം സ്വാതന്ത്ര്യത്തിെൻറ 75ാം വാഷികത്തിലും രാജ്യത്ത് അരങ്ങേറുന്നത് ലജ്ജാകരമാണ്. വിചാരണയില്ലാതെ എതിർശബ്ദങ്ങളെ തുറുങ്കിലടക്കുന്നതിെൻറ ആവർത്തനമാണ് മഅ്ദനി, മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, ഫാദർ സ്റ്റാൻ സ്വാമി എന്നിവരുടെ ദുരനുഭവങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്.
മഅ്ദനിയുടെ വിഷയത്തിൽ പ്രതികരിക്കുന്നതിൽ പലർക്കും വിലക്കാണ്. എനിക്കും പലകോണുകളിൽനിന്ന് വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ, മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് ഇത്തരം വിഷയങ്ങളിൽ നിശ്ശബ്ദരാകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി അധ്യക്ഷതവഹിച്ചു. ഡോ. നീലലോഹിതദാസൻ നാടാർ, സി.പി. ജോൺ, വി. സുരേന്ദ്രൻപിള്ള, ഭാസുരേന്ദ്ര ബാബു, ജലീൽ പുനലൂർ, മുണ്ടക്കയം ഹുസൈൻ മൗലവി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, വിതുര രാജൻ, വള്ളക്കടവ് നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.